കോട്ടയം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നു. താര പ്രചാരകനെ ഇറക്കി ഇടത് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള തത്രപ്പാടിലാണ് പാര്‍ട്ടി നേതൃത്വം. എന്നാല്‍ ഒന്നിന് പിറകേ ഒന്നായി പിണറായി സര്‍ക്കാര്‍ അഴിമതി കഥകളില്‍ നിറയുമ്പോള്‍ അണികളും കൈവിടുമോ എന്ന ആശങ്കയിലാണ് പാര്‍ട്ടി നേതൃത്വം. പിണറായി പങ്കെടുക്കുന്ന യോഗങ്ങളില്‍ ആളെണ്ണം തികയ്ക്കുന്നതിനായി ജില്ലാ കമ്മിറ്റികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.
പിണറായി പങ്കെടുക്കുന്ന പരിപാടികളുടെ വിവരങ്ങളും അവിടേക്ക് എത്തേണ്ട അണികളുടെ എണ്ണവും ഇടത് മുന്നണി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പ്രചരണത്തിനെത്തുമ്പോള്‍ ആളുകള്‍ കുറഞ്ഞാല്‍ മാദ്ധ്യമങ്ങള്‍ ശ്രദ്ധിക്കുകയും വാര്‍ത്തയാകുകയും ചെയ്യുമെന്ന് ഭയന്നിട്ടാണ് ഇത്തരമൊരു നീക്കത്തിന് ഇടത് മുന്നണി തയ്യാറെടുക്കുന്നത്. മുഖ്യമന്ത്രി എത്തുമ്പോള്‍ പുതുപ്പള്ളിയില്‍ പരമാവധി ആരവം തീര്‍ക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം.
പൊതുവേ രാഷ്ട്രീയ പാര്‍ട്ടികളുടെ താര പ്രചാരകര്‍ എത്തുമ്പോള്‍ ഇത്തരത്തില്‍ യോഗത്തിന് എത്തുന്നവരുടെ എണ്ണം നിശ്ചയിച്ചു നല്‍കാറില്ല. എന്നാല്‍ നിലവില്‍ പിണറായി സര്‍ക്കാരിന് ജനങ്ങള്‍ക്കിടയിലെ സ്വീകാര്യത കുറഞ്ഞിട്ടുണ്ടോ എന്ന സംശയത്താലാകണം ജില്ലാ കമ്മറ്റിയുടെ ഈ മുന്‍കരുതല്‍. ഈ മാസം 24ന് വൈകിട്ട് പുതുപ്പള്ളിയില്‍ 3000 പേരേ എത്തിക്കണം. ഇതില്‍ എല്‍ഡിഎഫ് പുതുപ്പള്ളി കമ്മിറ്റി 2500 പേരെയും വാകത്താനം കമ്മിറ്റി 500 പേരെയുമാണ് എത്തിക്കേണ്ടത്.
അന്ന് തന്നെ 5.30 ന് അയര്‍ക്കുന്നത്തു നടക്കുന്ന യോഗത്തില്‍ 3500 പേര്‍ പങ്കെടുക്കുന്നു എന്ന് ഉറപ്പാക്കണം. ഇതിനായി അയര്‍ക്കുന്നത്ത് നിന്ന് 2500, പൂവത്തിളപ്പില്‍ നിന്ന് 500, മറ്റക്കരയില്‍ നിന്ന് 500 എന്നിങ്ങനെയാണ് എത്തിക്കേണ്ട ആളുകളുടെ കണക്കുകള്‍. ഈ മാസം 30 ന് വൈകിട്ട് 4 മണിക്ക് കൂരോപ്പടയില്‍ നടക്കുന്ന യോഗത്തില്‍ 3000 പേര്‍ വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശം. ഇതില്‍ കൂരോപ്പടയില്‍ നിന്ന് 2500, പൂവത്തിളപ്പ് നിന്ന് 500 ആളുകളും എത്തണം. അന്ന് വൈകിട്ട് 5 മണിക്ക് മീനടത്ത് 500 പേരെ എത്തിച്ചാല്‍ മതി. എന്നാല്‍ വൈകിട്ട് 6ന് മണര്‍കാട് നടക്കുന്ന പരിപാടിയില്‍ 2500 പേരെ എത്തിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
സെപ്തംബര്‍ 1ന് വൈകിട്ട് 4 മണിക്ക് മറ്റക്കര മണലിലെ പരിപാടിയില്‍ അയര്‍ക്കുന്ന കമ്മിറ്റി 500 ആളുകളെ എത്തിക്കണം. അന്ന് വൈകിട്ട് 5 മണിക്ക് പാമ്പാടിയില്‍ നടക്കുന്ന പ്രചരണ യോഗത്തില്‍ 4000 പേരെ അണിനിരത്തണം. ഇതിനായി പാമ്പാടിയില്‍ നിന്ന് 3000, മീനടത്ത് നിന്ന് 1000 എന്നിങ്ങനെയാണ് ആളുകളുടെ കണക്കുകള്‍. വൈകിട്ട് 6ന് വാകത്താനത്ത് മുഖ്യമന്ത്രി എത്തുമ്പോള്‍ 3000 പേരെ എത്തിക്കാനും ജില്ലാ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.
Discussion about this post