കോഴിക്കോട് : മാസപ്പടി വിവാദത്തില്‍ പിണറായിയുടെ മകള്‍ വീണ ജയിലില്‍ പോകേണ്ടി വരുമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ അന്തര്‍ധാര സജീവമല്ലായിരുന്നു എങ്കില്‍ താനടക്കം 7 ബിജെപി നേതാക്കള്‍ നിയമസഭയിലുണ്ടാകുമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരെ കേന്ദ്ര ഏജന്‍സികള്‍ കണ്ട് മൊഴിയെടുത്തതാണ്. സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയുടെ ഭാര്യയും മകളും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരും. വരും നാളുകളില്‍ വീണ ജയിലില്‍ പോകുന്ന സാഹചര്യമുണ്ടാകും’, ശോഭ പറഞ്ഞു.
സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഖിലേന്ത്യാ നേതൃത്വങ്ങള്‍ തമ്മിലെ അന്തര്‍ധാര സജീവമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നായി മത്സരിക്കുന്നില്ലെങ്കിലും ബാക്കി എല്ലാ മേഖലയിലും ഇവര്‍ ഒന്നിച്ചാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ ബിജെപിയെ രണ്ടാമതാക്കിയത് ഈ അവിശുദ്ധ ബന്ധമാണ്. ഈ അന്തര്‍ധാരയുണ്ടായിരുന്നില്ലെങ്കില്‍ താനുള്‍പ്പെടെ ബിജെപിയുടെ ഏഴുപേര്‍ നിയമസഭയിലുണ്ടാവുമായിരുന്നെന്നും ശോഭ വ്യക്തമാക്കി
പിണറായിയെ നിയമസഭയില്‍ സഹായിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടെ അന്യായങ്ങള്‍ക്കെതിരേ സഭയ്ക്കകത്ത് പ്രതികരിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പ്രകടിപ്പിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല അവര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post