ഹൈദരാബാദ് : നാലു വയസ്സുകാരൻ വർഷിത് മോനും രണ്ടു വയസ്സുകാരി സഹസ്ര മോളും അവധിക്കു വരാനിരുന്ന അച്ഛനെയും കാത്തിരിക്കുകയായിരുന്നു. വർഷിതിനെ സ്കൂളിൽ ചേർക്കാനായി ലഡാക്കിൽ നിന്നും അവധിയെടുത്ത് വരാമെന്ന് അച്ഛൻ വാക്ക് നൽകിയിരുന്നതാണ്. പക്ഷേ ഇനിയൊരിക്കലും ആ അച്ഛന് മോനെ സ്കൂളിൽ ചേർക്കാൻ കൂടെ വരാൻ കഴിയില്ല. അമ്മ ലാസ്യ കരയുന്നത് എന്തിനാണെന്ന് പോലും മനസ്സിലാവാതെ പകച്ചു നിൽക്കുന്ന ആ കുഞ്ഞുങ്ങൾ കാണുന്ന എല്ലാവരുടെയും കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ചയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ജമ്മു കശ്മീരിലെ ലഡാക്കിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 9 ജവാന്മാർ മരിക്കുന്നത്. വർഷിതിന്റെയും സഹസ്രയുടെയും അച്ഛൻ 29 വയസ്സുകാരൻ നീരതി ചന്ദ്രശേഖറും ഈ അപകടത്തിൽ മരണപ്പെടുകയായിരുന്നു. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തിർമന്ദേവുനിപള്ളി സ്വദേശിയാണ് ചന്ദ്രശേഖർ. 2010ലാണ് ചന്ദ്രശേഖർ ആർമിയിൽ ചേരുന്നത്.
ഈ വർഷം മാർച്ച് 17ന് ഗ്രാമത്തിലെത്തിയിരുന്ന ചന്ദ്രശേഖർ ഏപ്രിലിലാണ് തിരികെ ലഡാക്കിലേക്ക് മടങ്ങുന്നത്. മോനെ സ്കൂളിൽ ചേർക്കാനായി വീണ്ടും അവധിയെടുത്ത് വരാമെന്ന് പറഞ്ഞാണ് ഇത്തവണ ചന്ദ്രശേഖർ യാത്രപറഞ്ഞത്. രണ്ടു വർഷം കൂടി സർവീസ് പൂർത്തിയാക്കിയ ശേഷം ബാക്കി കാലം സ്വന്തം ഗ്രാമത്തിൽ തന്നെ ചിലവഴിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. എന്നാൽ വിധി ഇന്ന് ആ ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി.
ഓഗസ്റ്റ് 21-ന് ഹൈദരാബാദിലെ ബേഗംപേട്ട് എയർഫോഴ്സ് സ്റ്റേഷനിൽ സർവീസ് എയർക്രാഫ്റ്റിൽ നീരതി ചന്ദ്രശേഖറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് എത്തിച്ചേർന്നു. തുടർന്ന് അദ്ദേഹത്തെ റോഡ് മാർഗം വീട്ടിലേക്ക് കൊണ്ടുപോയി. ആ ഗ്രാമം മുഴുവൻ അദ്ദേഹത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ നിലവിളികളോടെ, കണ്ണീരോടെ, അഭിവാദ്യങ്ങളോടെ ജന്മനാട് ചന്ദ്രശേഖറിന് യാത്രാമൊഴി നൽകി.








