കോട്ടയം : അയ്മനം കെഎസ്ഇബി ഓഫീസിന് മുൻപിൽ നട്ടിരുന്ന വൃക്ഷത്തൈകൾ പ്രതിഷേധ സൂചകമായി വെട്ടി നശിപ്പിച്ചു. കരിപ്പൂത്തട്ട് സ്വദേശി സേവ്യർ ആണ് വൃക്ഷത്തൈകൾ വെട്ടിയിട്ട് പ്രതിഷേധിച്ചത്. വൈദ്യുതി ലൈനിൽ തട്ടി എന്ന പേരിൽ തന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് നിന്നിരുന്ന വാഴക്കൈ, ഓലമടൽ എന്നിവ കെഎസ്ഇബി ജീവനക്കാർ വെട്ടിയതിനെതിരെയാണ് പ്രതിഷേധം എന്നാണ് സേവ്യർ പറയുന്നത്.
ഒരാഴ്ച മുമ്പ് ടച്ചിംഗ് വെട്ടുന്നതിന്റെ ഭാഗമായി കെഎസ്ഇബി ജീവനക്കാർ സേവ്യറിന്റെ വീടിനു മുമ്പിൽ വൈദ്യുതി ലൈനിനോട് മുട്ടി നിന്നിരുന്ന ഓലമടൽ, വാഴക്കൈ എന്നിവ വെട്ടി മാറ്റിയിരുന്നു. ഇവ വൈദ്യുതി ലൈനിൽ തട്ടി തീപാറുന്നതായി നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് വെട്ടിമാറ്റിയത് എന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. വൃക്ഷത്തൈകൾ വെട്ടി മാറ്റിയത് കൂടാതെ സേവ്യർ കെഎസ്ഇബി ജീവനക്കാർക്കെതിരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് സേവ്യർ കെഎസ്ഇബി ഓഫീസിൽ എത്തി പ്രതിഷേധിക്കുന്നത്.
അയ്മനം കെഎസ്ഇബി ഓഫീസിന്റെ മുൻവശത്തായി നട്ടുപിടിപ്പിച്ചിരുന്ന ഫലവൃക്ഷത്തൈകളായ നാല് മാവ്, ഒരു പ്ലാവ് എന്നിവയാണ് സേവ്യർ വെട്ടി നശിപ്പിച്ചത്. കുമരകം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
Discussion about this post