ന്യൂഡൽഹി: 15ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലേക്ക്. രാവിലെ ഏഴരയോടെയായിരുന്നു അദ്ദേഹം പ്രത്യേക വിമാനത്തിൽ ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചത്. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്
സിറിൽ റമഫോസയുടെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ജൊഹന്നസ്ബർഗിലാണ് ഇക്കുറി ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ഇന്ന് മുതൽ വ്യാഴാഴ്ചവരെയാണ് ഉച്ചകോടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് വർഷവും വെർച്വലായാണ് ഉച്ചകോടി നടന്നിരുന്നത്. ഒരിടവേളയ്ക്ക് ശേഷം ബ്രിക്‌സ് ഉച്ചകോടിയ്ക്കായി ലോക നേതാക്കൾ നേരിട്ട് എത്തുന്നത് നിർണായകമാകും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പുറമേ ഇന്ത്യ- ദക്ഷിണാഫ്രിക്ക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രതിനിധികളുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ഇതിന് പുറമേ മറ്റ് ലോകനേതാക്കളുമായി ഉഭയക്ഷി ചർച്ചകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും നയതന്ത്ര ബന്ധത്തിന്റെ 30ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി രാജ്യത്ത് എത്തുന്നത്. ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ശേഷം പ്രധാനമന്ത്രി ഗ്രീസിലേക്ക് തിരിക്കും. ഗ്രീസ് പ്രധാനമന്ത്രി
കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം യാത്ര പുറപ്പെടുന്നത്. ഇന്ത്യയും ഗ്രീസും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനായി പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. 40 വർഷത്തിന് ശേഷം ഗ്രീസിൽ എത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.









