മുംബൈ; ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗിനായി കാത്തിരിക്കുകയാണ് ഓരോ ഭാരതീയരും. ഓഗസ്റ്റ് 23 ന് പേടകം ചന്ദ്രോപരിതലത്തിൽ കാൽ കുത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചാന്ദ്രയാൻ 3 ന്റെ അഭിമാന നിമിഷങ്ങൾ പൊതുജനത്തിന് തത്സമയം കാണാനുള്ള സൗകര്യവും ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്.
ഇപ്പോഴിതാ തന്നെ സംബന്ധിച്ച് ഇന്ത്യയുടെ മഹത്തായ നിമിഷമാണ് വരുന്നതെന്നും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷവുമാണെന്ന് നടി കരീന കപൂർ പറഞ്ഞിരിക്കുകയാണ്. വിക്രം ലാൻഡർ ഇറങ്ങുന്നത് കാണാനുള്ള കാത്തിരിപ്പിലാണെന്നും അവർ കൂട്ടിച്ചേർത്തു. ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്നത് കുടുംബത്തോടൊപ്പം കാണാനാണ് തീരുമാനമെന്നും നടി പറഞ്ഞു.അഭിമാനം ഹൃദയത്തിൽ നിന്നാണ് വരുന്നതെന്നും എല്ലാ ഇന്ത്യക്കാരെയും പോലെ താനും ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണെന്നും നടി പറഞ്ഞു.
അതേസമയം സോഫ്റ്റ് ലാൻഡിംഗിന് മുൻപേ ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ ഓർബിറ്ററുമായി ആശയവിനിമയ ബന്ധം സ്ഥാപിച്ച് ചാന്ദ്രയാൻ 3 ന്റെ ലാൻഡർ മൊഡ്യൂൾ. ചാന്ദ്രയാൻ 3 അയക്കുന്ന സന്ദേശങ്ങളും പരിശോധന ഫലങ്ങളും ഓർബിറ്റർ വഴിയാകും കൺട്രോൾ സെന്ററിൽ എത്തുക. വെൽക്കം ബഡി എന്ന് ചാന്ദ്രയാൻ 2 ഓർബിറ്റർ ഔപചാരികമായി ചാന്ദ്രയാൻ 3 ന്റെ ലാൻഡറായ വിക്രമിന് സന്ദേശം അയച്ചു.









