ഒറ്റപ്പാലം : ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി മിത്താണെന്ന്, എന്നാൽ അതുകൊണ്ടൊന്നും ഒരു വിശ്വാസിയുടെ വിശ്വാസം ഇല്ലാതാവില്ല എന്ന് അനുശ്രീ. ഒറ്റപ്പാലത്ത് ഗണേശോത്സവ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു അനുശ്രീ നിലപാട് വ്യക്തമാക്കിയത്.
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നോ അല്ലെങ്കിൽ മഹാദേവൻ കെട്ടുകഥയാണെന്നോ എല്ലാം പറഞ്ഞാൽ ഇല്ലാതാവുന്നതല്ല ഒരു ഹിന്ദുവിന്റെ വിശ്വാസം എന്നാണ് അനുശ്രീ വ്യക്തമാക്കിയത്. ഹിന്ദു വിശ്വാസികൾക്ക് നട്ടെല്ലില്ല എന്നാണ് ചിലരുടെ ധാരണ. എന്നാൽ ഇത്രയധികം ആളുകൾക്ക് ഈ സദസിൽ എത്താമെങ്കിൽ ഹിന്ദു വിശ്വാസികളുടെ നട്ടെല്ല് അവർക്ക് കാണിച്ചുകൊടുക്കേണ്ട സമയമായി എന്നും അനുശ്രീ വ്യക്തമാക്കി.
താനിത് പറഞ്ഞാൽ തന്നെ വർഗീയവാദി ആക്കുമെന്നറിയാമെങ്കിലും പേടിയില്ല എന്നും അനുശ്രീ സദസിനു മുൻപിൽ അറിയിച്ചു. ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബ ആയതിന് തന്നെ വർഗീയവാദി ആക്കിയവർ ഇവുടെയുണ്ട്. എന്നാൽ വിശ്വാസങ്ങളെ അവഹേളിക്കുമ്പോൾ ഇനിയും കഴിയുന്ന രീതിയിൽ പ്രതികരിക്കും എന്നും അനുശ്രീ വ്യക്തമാക്കി.
പ്രതികരിക്കാനുള്ളത് എവിടെ പ്രതികരിക്കണമെന്ന് തനിക്ക് അറിയില്ലായിരുന്നു. ഇപ്പോൾ ഗണേശോത്സവ വേദിയിൽ ആണ് ഒരു അവസരം ലഭിക്കുന്നത്. സ്വന്തം വിശ്വാസങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എന്നിട്ടും അവർ എന്തുകൊണ്ടാണ് നമ്മുടെ വിശ്വാസങ്ങളെ മാത്രം അവഹേളിക്കുന്നത് എന്ന് ചിന്തിക്കണം. എല്ലാവരും കഴിയുന്ന രീതിയിൽ പ്രതികരിക്കണം എന്നും അനുശ്രീ വ്യക്തമാക്കി.












