മല്ലപ്പള്ളി; വർഷങ്ങളായി വാടക നൽകുന്നില്ലെന്ന ഉടമയുടെ പരാതിയെ തുടർന്ന് കോടതി ഒഴിപ്പിച്ച പാർട്ടി ഓഫീസ് ബലമായി പൂട്ട് തകർത്ത് കൈയ്യേറി സിപിഐ നേതാക്കൾ. ഉടമയുടെ പരാതിയിൽ അനുകൂല വിധിയുണ്ടായതിനെ തുടർന്ന് കോടതി നിർദ്ദേശ പ്രകാരം ആമീൻ വന്ന് പൂട്ടിയ മുറിയാണ് താഴ് തകർത്ത് ബലമായി സിപിഐ പ്രവർത്തകർ വീണ്ടും കൈയ്യേറിയത്. മുറി ഒഴിപ്പിച്ചെന്ന് കാട്ടി പതിച്ചിരുന്ന കോടതി ഉത്തരവ് കീറിക്കളഞ്ഞാണ് പ്രവർത്തകർ വീണ്ടും കെട്ടിടം കൈയ്യേറിയത്.
പത്തനംതിട്ട മല്ലപ്പള്ളി എഴുമറ്റൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കെട്ടിടമാണ് സിപിഐക്കാർ കോടതിയെപ്പോലും വെല്ലുവിളിച്ച് ബലമായി കൈയ്യേറിയത്. ദിലീപ് എന്നയാളുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് സിപിഐ എഴുമറ്റൂർ ലോക്കൽ കമ്മിറ്റി ഓഫീസ് വർഷങ്ങളായി പ്രവർത്തിക്കുന്നത്. 2006 ൽ 350 രൂപ വാടകയ്ക്കാണ് പാർട്ടി ഓഫീസിനായി മുറി നൽകിയത്.
പിന്നീട് ഉടമയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ മുറി വിൽക്കാൻ തീരുമാനിച്ചു. എന്നാൽ സിപിഐ നേതാക്കൾ ഇടപെടുകയും വാടക തുക ഒരുമിച്ച് നൽകാമെന്ന് പറയുകയുമായിരുന്നു. ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയ്ക്കാണ് കരാർ ഉണ്ടാക്കിയത്. ഇതിൽ 75000 രൂപ അഡ്വാൻസായി നൽകി. ബാക്കി തുക ഇതുവരെ നൽകിയിട്ടില്ല. 2010 ഡിസംബറിൽ കരാർ അവസാനിക്കുകയും ചെയ്തു.
അഡ്വാൻസ് നൽകിയ തുകയല്ലാതെ ഒരു രൂപ പോലും ഉടമയ്ക്ക് വാടകയിനത്തിൽ പാർട്ടി ഇതുവരെ നൽകിയില്ല. ചോദിക്കുമ്പോൾ അടുത്ത ഫണ്ട് പിരിവിന് നൽകാമെന്ന് ആണ് മറുപടി. ഒടുവിൽ 2021 ൽ ദിലീപ് പരാതിയുമായി തിരുവല്ല മുൻസിഫ് കോടതിയിലെത്തി. കോടതിയിൽ ഹാജരാകാനോ നിലപാട് ബോധിപ്പിക്കാനോ സിപിഐ പ്രാദേശിക നേതാക്കൾ തയ്യാറായില്ല. ഉടമയുടെ വാദം കേട്ട കോടതി പാർട്ടി ഓഫീസ് ഒഴിപ്പിക്കാൻ വിധി പുറപ്പെടുവിച്ചു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആമീൻ എത്തി പാർട്ടി ഓഫീസിലുണ്ടായിരുന്ന ഡെസ്‌കും കസേരകളും പുറത്തിട്ട് മുറി വേറൊരു താഴിട്ട് പൂട്ടിയത്. സംഭവം അറിഞ്ഞ സിപിഐ നേതാക്കളെത്തി പൂട്ട് പൊളിച്ച് കോടതി ഉത്തരവ് കീറിക്കളഞ്ഞ ശേഷം മുറി ബലമായി വീണ്ടും കൈവശപ്പെടുത്തുകയായിരുന്നു. പുതിയ താഴിട്ട് പൂട്ടുകയും ചെയ്തു.
ബാർബർഷോപ്പ് നടത്തി ഉപജീവനം നടത്തിയിരുന്ന ആളാണ് ദിലീപ്. കോടതി അനുകൂലമായി വിധിച്ചിട്ടും ഭരണസ്വാധീനവും കൈയ്യൂക്കും കൊണ്ട് ബലമായി മുറി കൈയ്യേറിയ പാർട്ടിക്കെതിരെ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഇയാൾ.
Discussion about this post