ബംഗളൂരു: ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ നിർണായക നേട്ടങ്ങൾ സ്വന്തമാക്കാൻ ഐഎസ്ആർഒ. അടുത്തതായി ചൊവ്വാ ദൗത്യമാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത് എന്നാണ് സൂചന. ചാന്ദ്രയാൻ മൂന്നിന്റെ വിജയം എല്ലാ ഗ്രഹങ്ങളിലും പര്യവേഷണം നടത്താനുള്ള പ്രചോദനവും ആത്മവിശ്വാസവുമാണ് നൽകുന്നത് എന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പ്രതികരിച്ചു.
അനേകം ശാസ്ത്രജ്ഞരുടെ പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയമാണ് ചാന്ദ്രയാൻ മൂന്ന്. വരും വർഷങ്ങളിൽ ചൊവ്വാ ദൗത്യവും വിജയകരമായി പൂർത്തിയാക്കാൻ ഈ വിജയം ആത്മവിശ്വാസം നൽകുന്നു. ചന്ദ്രനിലേക്കുള്ള യാത്രയും സോഫ്റ്റ് ലാൻഡിംഗും ഇന്ത്യയ്ക്ക് എന്നല്ല ഏത് രാജ്യത്തെ സംബന്ധിച്ചിടത്തോളമാണെങ്കിലും ഏറെ പ്രയാസകരം ആണ്. എന്നാൽ രണ്ട് ദൗത്യങ്ങളിൽ രാജ്യം ഈ നേട്ടം സ്വന്തമാക്കിയെന്നും സോമനാഥ് കൂട്ടിച്ചേർത്തു.
ചെറിയ പിഴവിനെ തുടർന്നായിരുന്നു ചാന്ദ്രയാൻ രണ്ടിന്റെ പരാജയം സംഭവിച്ചത്. എന്നാൽ ചാന്ദ്രയാൻ മൂന്ന് കൃത്യമായി ചന്ദ്രനിൽ ഇറക്കാൻ കഴിഞ്ഞു. ചാന്ദ്രയാൻ മൂന്നിന്റെ വിജയം വലിയ ആത്മവിശ്വാസം ആണ് പകരുന്നത്. ചന്ദ്രന് ശേഷം ഇനി ചൊവ്വാ ദൗത്യമാണ് ലക്ഷ്യമിടുന്നത്. ഇതിന് ചാന്ദ്രയാൻ മൂന്ന് വലിയ പ്രതീക്ഷയും പ്രചോദനവും നൽകുന്നു. ഇതിന് ശേഷം മറ്റ് ഗ്രഹങ്ങളിലും പര്യവേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചാന്ദ്രയാൻ മൂന്നിന്റെ നിർമ്മാണ വേളയിൽ വലിയ വേദനയിലൂടെയും യാതനയിലൂടെയും ശാസ്ത്രജ്ഞർക്ക് കടന്ന് പോകേണ്ടിവന്നു. ചാന്ദ്രയാൻ രണ്ടിന്റെ ഭാഗമായുണ്ടായവർ ചാന്ദ്രയാൻ മൂന്നിന്റെ നിർമ്മാണ വേളയിൽ വലിയ സഹായങ്ങൾ നൽകി. മികച്ച സെൻസറുകളും, ലോകോത്തര നിലവാരമുളള ഉപകരണങ്ങളും ഉപയോഗിച്ചാണ് ചാന്ദ്രയാൻ മൂന്നിന്റെ നിർമ്മാണം. ദൗത്യം വിജയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.









