വിജയവാഡ : ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ബൈക്ക് ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അഞ്ഞൂറോളം ബൈക്കുകൾ കത്തിനശിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിന് കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ചെന്നൈ – കൊൽക്കത്ത ദേശീയപാതയിൽ കെപി നഗറിലെ ടിവിഎസ് ഷോറൂമിലാണ് തീപിടുത്തം നടന്നത്. വിവരമറിഞ്ഞ് ആളുകൾ എത്തുമ്പോഴേക്കും തീ നന്നായി പടർന്നിരുന്നു.
ഒന്നരമണിക്കൂർ കഠിന പ്രയത്നം നടത്തിയാണ് ഫയർ ഫോഴ്സ് തീയണച്ചത്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് ഫയർ ഫോഴ്സ് ഓഫീസർ ശങ്കര റാവു പറഞ്ഞു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് കണക്കുകൂട്ടൽ. ആയിരം ബൈക്കുകൾ ഉള്ളതിലാണ് അഞ്ഞൂറോളം എണ്ണം കത്തി നശിച്ചത്.
രണ്ട് ദിവസം മുൻപ് കോഴിക്കോട് കുന്നമംഗലത്തെ ടിവിഎസ് ഷോറൂമും അഗ്നിക്കിരയായിരുന്നു. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിനു മുൻവശത്ത് പ്രവർത്തിക്കുന്ന ടിവിഎസ് ഷോറൂമിലായിരുന്നു തീപിടുത്തം ഉണ്ടായത്.
Discussion about this post