2022 ലെ ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ് മത്സരത്തിന്റെ (ISAC) വിജയികളെ പ്രഖ്യാപിച്ചു.
ദേശീയ സ്മാർട്ട് സിറ്റി അവാർഡ് ഇൻഡോർ കരസ്ഥമാക്കി. സംസ്ഥാന തല അവാർഡ് മധ്യപ്രദേശിനും കേന്ദ്രഭരണ പ്രദേശത്തിനുള്ള അവാർഡ് ചണ്ഡീഗഡിനും ലഭിച്ചു. സ്‌മാർട്ട് സിറ്റിസ് മിഷന്റെ കീഴിലുള്ള ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ് മത്സരത്തിലെ വിജയികളെ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളും വൃത്തിയുള്ളതും സുസ്ഥിരവുമായ അന്തരീക്ഷവും മാന്യമായ ജീവിത നിലവാരവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2015 ജൂൺ 25 നാണ് സ്മാർട്ട് സിറ്റി മിഷൻ ആരംഭിച്ചത്. വിവിധ തലങ്ങളിലുള്ള മറ്റു അവാർഡുകളിൽ ബിൽറ്റ് എൻവയോൺമെന്റിനുള്ള അവാർഡ് നേടിയത് കോയമ്പത്തൂർ ആണ്. സംസ്‌കാരത്തിനും സംയോജിത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ വിഭാഗത്തിനും അഹമ്മദാബാദ്, സമ്പദ്‌വ്യവസ്ഥയ്‌ക്ക് ജബൽപൂർ, ഭരണത്തിന് വേണ്ടി ചണ്ഡീഗഡ്, ശുചിത്വം, ജലം, നഗര പരിസ്ഥിതി എന്നിവയിൽ ഇൻഡോർ, സാമൂഹിക വശങ്ങൾക്ക് വഡോദര, ഹുബ്ബാലി ധാർവാദ് എന്നിവയ്ക്കും ഒന്നാം സ്ഥാനം ലഭിച്ചു. നൂതന ആശയ വിഭാഗത്തിനും കോവിഡ് ഇന്നൊവേഷൻ വിഭാഗത്തിനും സൂറത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അവാർഡ് നേടിയവരുടെ പട്ടിക പുറത്തുവിട്ടത്. ഇന്ത്യ സ്മാർട്ട് സിറ്റി അവാർഡ് ജേതാക്കളെ സെപ്റ്റംബർ 27 ന് ഇൻഡോറിൽ പ്രസിഡന്റ് ദ്രൗപതി മുർമു ആദരിക്കും.









