വാരണാസി: ഇന്ത്യയുടെ വൈവിധ്യമാര്‍ന്നതും ശാശ്വതമായതുമായ സംസ്കാരമാണ് രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച വാരണാസിയില്‍ ആരംഭിച്ച ജി 20 സാംസ്കാരിക ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും അതിന്റെ പൈതൃകം സംരക്ഷിക്കുന്നതിലും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സംസ്കാരം വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി ഓര്‍ത്തു.
രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള കലാകാരന്മാരെയും അവരില്‍ അധിഷ്ഠിതമായ സാംസ്കാരിക കഴിവുകളെയും ഇന്ത്യ തിരിച്ചറിയുന്നു. ഇവരെ പരിപോഷിപ്പിക്കാന്‍ വേണ്ടുന്ന നടപടികള്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം സ്വീകരിച്ചുവരികയാണ്. രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക മുദ്രകള്‍ സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും ലക്ഷ്യമിട്ടുള്ള സംരംഭമാണ് ജി 20 സാംസ്കാരിക ഉച്ചകോടിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ചും മോദി പരിപാടിയില്‍ പരാമര്‍ശിച്ചു.
രാജ്യത്തുടനീളം ട്രൈബല്‍ മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുകയാണ്. ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും അവരില്‍ അധിഷ്ടിതമായ കലാമൂല്യങ്ങളെ കൂടുതല്‍ വിപുലമാക്കാനും ഇത് കൊണ്ട് സാധിക്കും. ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക മ്യൂസിയത്തിന്റെ നിര്‍മ്മാണം രാജ്യ തലസ്ഥാനത്ത് ഉടന്‍ പൂര്‍ത്തിയാകും. യുഗേ യുഗേന് ഭാരത് നാഷണല്‍ മ്യൂസിയം എന്നാണ് അതിന്റെ പേര്. ഇതിലൂടെ ഭാരതത്തിന്റെ കഴിഞ്ഞ 5000 വര്‍ഷത്തെ സാംസ്കാരിക പൈതൃകങ്ങളുടേയും ആചാരങ്ങളുടേയും ചരിത്രത്തിന്റേയും നേര്‍ക്കാഴ്ചയാവും ലോകത്തിന് മുന്നില്‍ തുറക്കപ്പെടുകയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ പോലെയൊരു രാജ്യത്തെ ജനങ്ങളെ എന്നും ഒരുമിച്ച് ഐക്യത്തോടെ നിലനിര്‍ത്തുന്നത് ഇത്തരം വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളും പൈതൃകങ്ങളുമാണ്. പരമ്പരാഗത കരകൗശല മേഖലയുടെ ഉന്നമനത്തിനായി 1.8 ബില്യണ്‍ ഡോളര്‍ ചിലവില്‍ കൊണ്ടു വന്ന പദ്ധതിയാണ് പിഎം വിശ്വകര്‍മ്മ യോജന. പരമ്പരാഗത കരകൗശല വിദഗ്ധരുടെയും അവരുടെ സമ്പന്നമായ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനുമാണ് പ്രധാനമന്ത്രി വിശ്വകര്‍മ യോജനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
Discussion about this post