ന്യൂഡൽഹി : കോൺഗ്രസിന്റെ കുടുംബാധിപത്യത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനാവാല. യുപിഎ ഭരണകാലത്ത് ചാന്ദ്രയാൻ-1 ന്റെ ലാൻഡിംഗ് പോയിന്റിന് ജവഹർ എന്നാണ് പേര് നൽകിയത്. ചാന്ദ്രയാൻ രണ്ടും മൂന്നും കോൺഗ്രസ് ഭരണകാലത്ത് തന്നെ ആയിരുന്നെങ്കിൽ ലാൻഡിംഗ് പോയിന്റുകൾക്ക് ഇന്ദിരയെന്നും രാജീവെന്നും പേര് നൽകുമായിരുന്നു എന്നാണ് ഷെഹ്‌സാദ് പൂനാവാല അഭിപ്രായപ്പെട്ടത്.
കോൺഗ്രസിന്.ഒരു കുടുംബമാണ് മുഖ്യം. എല്ലാം ആ കുടുംബത്തിന്റെ കീഴിൽ ആയിരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. ഇപ്പോൾ ചാന്ദ്രയാൻ ലാൻഡറിനെ വിക്രം ലാൻഡർ എന്നാണ് വിളിക്കുന്നത്. വിക്രം സാരാഭായിയോടുള്ള ബഹുമാനസൂചകമാണ് ആ പേര് നൽകിയത്. എന്നാൽ കോൺഗ്രസ് ഭരണം ആയിരുന്നെങ്കിൽ അവർ ചാന്ദ്രയാൻ 2, 3 ദൗത്യങ്ങൾ അയക്കില്ലായിരുന്നു. ഇനി അഥവാ അയച്ചാൽ തന്നെ ഇന്ദിരയുടെയോ രാജീവിന്റെയോ പേരിലായിരിക്കും പലതും അറിയപ്പെടുക എന്നും പൂനാവാല അഭിപ്രായപ്പെട്ടു.
ചാന്ദ്രയാൻ 1 ന്റെ ലാൻഡിംഗ് പോയിന്റിന് കോൺഗ്രസ് ജവഹർ പോയിന്റ് എന്ന പേര് നൽകിയപ്പോൾ എൻഡിഎ സർക്കാർ ചാന്ദ്രയാൻ രണ്ടും മൂന്നും ദൗത്യങ്ങളുടെ ലാൻഡിംഗ് പോയിന്റുകൾക്ക് തിരംഗ എന്നും ശിവശക്തി എന്നുമാണ് പേര് നൽകിയത്. കുടുംബാധിപത്യ വാദികളും ദേശീയവാദികളും തമ്മിലുള്ള വ്യത്യാസമാണ് അത് എന്നും ഷെഹ്‌സാദ് പൂനാവാല വ്യക്തമാക്കി.








