മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ പ്രതിഷേധം. ഓൺലൈൻ ഗെയിമിംഗ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായുള്ള പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി.
പ്രമുഖ ഓൺലൈൻ റമ്മി പോർട്ടലായി എ23 ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ്. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ശക്തമായ പ്രതിഷേധം ആരംഭിക്കുകയായിരുന്നു. അൺടച്ച് യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ മന്നത്തിന് മുൻപിൽ സംഘടനയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതേ തുടർന്നായിരുന്നു വസതിയിലേക്ക് കൂടുതൽ പോലീസുകാർ എത്തി സുരക്ഷ ഏർപ്പെടുത്തിയത്.
ബ്രാൻഡ് അംബാസിഡർ ആയതോടെ അദ്ദേഹം അഭിനയിച്ച പരസ്യചിത്രവും പുറത്തുവന്നിരുന്നു. ഇത് കുട്ടികളെ ഉൾപ്പെടെ തെറ്റായ വഴിയിലേക്ക് നയിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇത്തരം ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്കെതിരെ അൺടച്ച് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് സമൂഹത്തിൽ മാതൃകയാകേണ്ട വ്യക്തി തന്നെ പിന്തുണയ്ക്കുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും വരും ദിവസങ്ങളിലും കൂടുതൽ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്നും സംഘടന കൂട്ടിച്ചേർത്തു.









