ബംഗളൂരു; കർണാടകയിൽ ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിയ്ക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ബംഗളൂരുവിലായിരുന്നു സംഭവം. യുവതിയുടെയും യുവാവിന്റെയും പരാതിയിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയോടെയായിരുന്നു സംഭവം. വിവാഹിതയായ യുവതി ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോകുകയായിരുന്നു. ബുർഖയായിരുന്നു സംഭവ സമയം യുവതി ധരിച്ചിരുന്നത്. യുവാവ് ഹിന്ദുവാണെന്നും യുവതി മുസ്ലീമാണെന്നും മനസ്സിലാക്കിയ സംഘം വഴിയിൽ ഇവരെ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് യുവതിയോട് ബുർഖ അഴിച്ചുമാറ്റാനും ആവശ്യപ്പെട്ടു.
പ്രദേശവാസിയായ സാക്കിറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇവരെ തടഞ്ഞത്. മുസ്ലീമായ യുവതി ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ പോകുന്നത് മതത്തെ അപമാനിക്കലാണെന്ന് ആരോപിച്ചായിരുന്നു വാഹനം തടഞ്ഞത്. ഹിന്ദുക്കൾക്കൊപ്പം കൂട്ടു കൂടുന്നത് ഇസ്ലാംമതത്തിന് അപകടം ആണെന്നും ബുർഖ അഴിക്കാനും സംഘം ആവശ്യപ്പെട്ടു. ഇതോടെ യുവാവ് ഇടപെടുകയായിരുന്നു.
സംഭവം ചോദ്യം ചെയ്ത യുവാവിനെ മതതീവ്രവാദികൾ ഭീഷണിപ്പെടുത്തി. തുടർന്ന് ഇരുചക്ര വാഹനത്തിന്റെ താക്കോൽ ഇവർ ഊരിയെടുക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും പോലീസിൽ പരാതി നൽകിയത്. ബംഗളൂരു ഈസ്റ്റ് പോലീസാണ് സംഭവത്തിൽ കേസ് എടുത്തിട്ടുള്ളത്. ഉടനെ സ്ഥലത്ത് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.
Discussion about this post