കാസർകോട് : കുമ്പളയിൽ പോലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ നടപടി. മൂന്ന് പോലീസുകാരെ സ്ഥലം മാറ്റി. എസ് ഐ രജിത്, സി പി ഓ ദീപു, സി പി ഓ രഞ്ജിത് എന്നിവരെയാണ് അന്വേഷണ വിധേയമായി സ്ഥലം മാറ്റിയത്. പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം ശക്തമായതിനെ തുടർന്നാണ് നടപടി.
പോലീസിനെ വെട്ടിച്ച് രക്ഷപെടുന്നതിനിടെ കാർ മറിഞ്ഞ് ചികിത്സയിൽ ആയിരുന്ന പ്ലസ് ടു വിദ്യാർത്ഥി ഫർഹാസ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അംഗഡിമൊഗർ ജിഎച്ച്എസ്എസ്സിലെ വിദ്യാർത്ഥിയായിരുന്നു മരിച്ച ഫർഹാസ്. വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ പോലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് പോലീസ് ഇവരെ പിന്തുടർന്നത്. ഇതിനിടെ് ഫർഹാസ് ഓടിച്ച കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഫർഹാസിനോടൊപ്പം കാറിൽ ഉണ്ടായിരുന്ന നാല് വിദ്യാർത്ഥികൾക്ക് നിസാര പരിക്കുകൾ ഉണ്ട്.








