കോഴിക്കോട്: ഏറെ കോലാഹലങ്ങൾ സൃഷ്ടിക്കുകയും ദുരൂഹതകൾ പരത്തുകയും ചെയ്ത തൊട്ടിൽപാലം അധ്യാപികാ തിരോധാന കേസിൽ നിർണ്ണായക വഴിതിരിവ്. പന്ത്രണ്ട് ദിവസമായി കാണാതായ മൊയിലോത്തറ സർക്കാർ എൽ.പി സ്കൂൾ അധ്യാപിക കെ. അനുമോളെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അബ്ദുൽ സമദിനെയും ഒടുവിൽ പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ അനുമോൾ, തനിക്ക് കുടുംബത്തോടൊപ്പം പോകാനാണ് താൽപ്പര്യമെന്ന് വ്യക്തമാക്കുകയായിരുന്നു. അധ്യാപികയെ സ്വീകരിക്കാൻ പൂർണ്ണമനസ്സോടെ തയ്യാറാണെന്ന് ഭർത്താവും കോടതിയിൽ നിലപാടെടുത്തതോടെ ഇവരെ മാതാപിതാക്കൾക്കും ഭർത്താവിനും കുട്ടികൾക്കുമൊപ്പം വിട്ടയച്ചു.
കുടുംബം നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന് നിർണ്ണായക തുമ്പ് ലഭിച്ചത്. ഒപ്പമുണ്ടായിരുന്ന അബ്ദുൽ സമദ് ഈയിടെ എടുത്ത പുതിയ സിം കാർഡ് കണക്ഷൻ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പൊലീസിനെ പാലക്കാട്ടെത്തിച്ചത്. തൊട്ടിൽപാലം എസ്.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.
പാലക്കാട് വെച്ച് പിടികൂടിയ ഇരുവരെയും പ്രാഥമിക വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നാദാപുരം ഡിവൈഎസ്പി ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. കാണാതായ ദിവസങ്ങൾക്ക് പിന്നിലെ സാഹചര്യങ്ങളും മറ്റും പൊലീസ് ചോദിച്ചറിഞ്ഞു. തുടർന്ന് അനുമോൾക്ക് വിദഗ്ദ്ധ കൗൺസിലിംഗും നൽകിയ ശേഷമാണ് നിയമപരമായ നടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ വെച്ച് താൻ കുടുംബത്തിനൊപ്പം പോകാൻ ആഗ്രഹിക്കുന്നതായി അനുമോൾ നിലപാട് അറിയിച്ചതോടെ ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി.
അധ്യാപികയെ കാണാതായതുമായി ബന്ധപ്പെട്ട് ബന്ധുക്കളും നാട്ടുകാരും വലിയ തോതിലുള്ള പ്രതിഷേധങ്ങളും അന്വേഷണ ആവശ്യങ്ങളും ഉയർത്തിയിരുന്നു. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ട് പോകുന്നതിനിടയിലാണ് ഹൈക്കോടതിയിൽ ഹർജി എത്തുന്നതിന് തൊട്ടുമുമ്പ് കേസിൽ നാടകീയമായ അന്ത്യമുണ്ടായിരിക്കുന്നത്. ഭർത്താവും കുടുംബവും അനുമോളെ ഒപ്പം കൂട്ടാൻ തയ്യാറായതോടെ ആശ്വാസത്തോടെയാണ് അധ്യാപികയുടെ കുടുംബം കോടതിയിൽ നിന്ന് മടങ്ങിയത്. സംഭവത്തിൽ മറ്റ് നിയമനടപടികൾ സംബന്ധിച്ച കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.











