തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ലൈസൻസ് അടിയന്തരമായി റദ്ദാക്കാൻ നിർദേശം നല്കി സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം. ലിജുവും അറിയാതെ എക്സൈസ് കമ്മീഷണറേറ്റ് ഇടപെട്ട് ബേക്കറിക്ക് വിൽപനാനുമതി അനുവദിച്ചതാണ് സർക്കാരിനെ പ്രതിരോധത്തിലാക്കിയത്.
വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ എക്സൈസ് മന്ത്രി, സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണറോട് ആവശ്യപ്പെടുകയും നിയമവശങ്ങൾ പരിശോധിക്കാൻ നികുതി സെക്രട്ടറിയോട് നിർദേശിക്കുകയും ചെയ്തു. അബ്കാരി വിഭാഗത്തിന്റെ ചുമതലയുള്ള എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ ചുമതലകളിൽ നിന്ന് അടിയന്തരമായി നീക്കാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് അനുവദിക്കുന്നത്. തൃശൂർ ചാലക്കുടിയിലെ എം.ആർ.സി ബേക്കറിക്കാണ് ആദ്യമായി ഇത്തരത്തിൽ അനുമതി നൽകിയത്. 15.5 ശതമാനം വരെ വീര്യമുള്ള വൈൻ നിർമാണത്തിനും വിതരണത്തിനും മുൻ എൽഡിഎഫ് സർക്കാരിന്റെ 2022-23 മദ്യനയ പ്രകാരമാണ് വഴിതുറന്നത്. പഴവർഗങ്ങളിൽ നിന്നും കർഷക ഉൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ നിർമിക്കാൻ ‘സ്മാൾ സ്കെയിൽ വൈനറി റൂൾസ്’ രൂപീകരിക്കുകയും സാധാരണ വൈനിന് തുല്യമായി 86 ശതമാനം നികുതി ചുമത്തി നിയമഭേദഗതി കൊണ്ടുവരികയും ചെയ്തിരുന്നു.
തുടർന്ന് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ വിൽപന നടത്തുന്നതിനായി ചട്ടങ്ങളിൽ ഇളവുകൾ വരുത്തുകയും 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കടകൾക്ക് ഫീസടച്ച് ലൈസൻസ് നേടാമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തു. പിന്നീട് 2025 സെപ്റ്റംബറിൽ ഇത് 10 ചതുരശ്ര മീറ്ററായി കുറച്ച് വിജ്ഞാപനം തിരുത്തുകയായിരുന്നു. എന്നാൽ ബേക്കറി വഴിയുള്ള വിൽപനാനുമതി തേടി അപേക്ഷ എത്തിയതും ഈ കഴിഞ്ഞ ജൂണിൽ ലൈസൻസ് അനുവദിച്ചതും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്താണ്.
മാധ്യമ വാർത്തകളിലൂടെ മാത്രമാണ് സർക്കാർ ഈ വിവരമറിഞ്ഞതെന്ന എക്സൈസ് മന്ത്രിയുടെ പ്രതികരണം വലിയ രാഷ്ട്രീയ പോരിലേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തതെന്ന് എക്സൈസ് കമ്മീഷണറേറ്റ് വ്യക്തമാക്കുമ്പോൾ, ഉദ്യോഗസ്ഥതലത്തിൽ നയപരമായ ഇത്തരം കാര്യങ്ങൾ സർക്കാരിനെ അറിയിക്കാതെ നടപ്പാക്കിയത് ഗുരുതര വീഴ്ചയാണെന്നാണ് സർക്കാരിന്റെ വാദം.
അതേസമയം “ഒന്നും അറിഞ്ഞില്ല” എന്ന നിലവിലെ സർക്കാരിന്റെയും മന്ത്രിയുടെയും നിലപാടിനെതിരെ മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ് രംഗത്തെത്തി. ലൈസൻസ് അനുവദിച്ചത് നിലവിലെ സർക്കാരിന്റെ കാലത്താണെന്നും കൈയടി നേടാനാണ് ലൈസൻസ് റദ്ദാക്കാൻ നീക്കം നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു.എൽഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായ നിയമഭേദഗതികളെക്കുറിച്ച് ഉപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെ സർക്കാരും എക്സൈസ് വകുപ്പും കടുത്ത നയപ്രതിസന്ധിയിലാണ്.











