തിരുവനന്തപുരം: സംസ്ഥാനത്തെ ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ നടപടി വൻ വിവാദങ്ങൾക്ക് വഴിവെച്ചതോടെ വിൽപനയ്ക്കുള്ള ഉത്തരവ് അടിയന്തരമായി മരവിപ്പിക്കാൻ നിർദേശം നൽകി സർക്കാർ. ബേക്കറികൾക്ക് വിതരണ ലൈസൻസ് അനുവദിച്ച നീക്കം റദ്ദാക്കാനും എക്സൈസ് വകുപ്പ് നടപടികൾ തുടങ്ങി.
വിവാദത്തിന് പിന്നാലെ അബ്കാരി ചുമതലയുള്ള എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ സി.കെ അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കി. വി.സുഭാഷ് ആണ് പുതിയ അബ്കാരി ഡപ്യൂട്ടി കമ്മിഷണർ.അനിൽകുമാറിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ലെന്നും ഇയാളുടെ പുതിയ തസ്തിക പിന്നീട് തീരുമാനിക്കുമെന്നും വകുപ്പ് വ്യക്തമാക്കി.
മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം. ലിജുവും അറിയാതെ എക്സൈസ് കമ്മീഷണറേറ്റ് തലത്തിൽ നേരിട്ട് ഇടപെട്ടാണ് ബേക്കറിക്ക് വിൽപനാനുമതി അനുവദിച്ചത്. വാർത്തകളിലൂടെ മാത്രമാണ് സർക്കാർ ഈ വിവരമറിഞ്ഞതെന്ന എക്സൈസ് മന്ത്രിയുടെ വെളിപ്പെടുത്തൽ വലിയ ഭരണ-രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടത്. തുടർന്നാണ് സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് അടിയന്തര റിപ്പോർട്ട് തേടുകയും വിൽപനാ ഉത്തരവ് മരവിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തത്.
ഇതിനൊപ്പം ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് വഴിയൊരുക്കിയ മുൻ എൽഡിഎഫ് സർക്കാരിന്റെ അബ്കാരി നിയമഭേദഗതി പുനഃപരിശോധിക്കാനും എക്സൈസ് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. നിയമോപദേശം തേടാൻ അഡീഷണൽ ചീഫ് സെക്രട്ടറിക്കും നികുതി സെക്രട്ടറിക്കും മന്ത്രി നിർദേശം കൈമാറി.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ ലൈസൻസ് അനുവദിക്കുന്നത്. തൃശൂർ ചാലക്കുടിയിലെ എം.ആർ.സി ബേക്കറിക്കാണ് ആദ്യമായി ഇത്തരത്തിൽ അനുമതി നൽകിയത്. പഴവർഗങ്ങളിൽ നിന്നും കർഷക ഉൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ നിർമിക്കാൻ മുൻ എൽഡിഎഫ് സർക്കാർ ‘സ്മാൾ സ്കെയിൽ വൈനറി റൂൾസ്’ രൂപീകരിക്കുകയും സാധാരണ വൈനിന് തുല്യമായി 86 ശതമാനം നികുതി ചുമത്തി നിയമഭേദഗതി കൊണ്ടുവരികയുമായിരുന്നു.
തുടർന്ന് ബെവ്കോ ഔട്ട്ലെറ്റുകൾക്ക് പുറമെ വിൽപന നടത്തുന്നതിനായി ചട്ടങ്ങളിൽ ഇളവുകൾ വരുത്തുകയും 100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കടകൾക്ക് ഫീസടച്ച് ലൈസൻസ് നേടാമെന്ന വ്യവസ്ഥ കൊണ്ടുവരികയും ചെയ്തു. പിന്നീട് 2025 സെപ്റ്റംബറിൽ ഇത് 10 ചതുരശ്ര മീറ്ററായി കുറച്ച് വിജ്ഞാപനം തിരുത്തുകയായിരുന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ ബേക്കറി വഴിയുള്ള വിൽപനാനുമതി തേടി അപേക്ഷ എത്തിയതും ജൂണിൽ ലൈസൻസ് നൽകിയതും ഇപ്പോഴത്തെ സർക്കാരിന്റെ കാലത്താണ്.
തങ്ങളെ അറിയിക്കാതെ ഉദ്യോഗസ്ഥതലത്തിൽ നയപരമായ ഇത്തരം തീരുമാനങ്ങൾ എടുത്തത് ഗുരുതര വീഴ്ചയാണെന്ന് എക്സൈസ് മന്ത്രി വ്യക്തമാക്കി. എന്നാൽ “ഒന്നും അറിഞ്ഞില്ല” എന്ന സർക്കാരിന്റെ വാദത്തിനെതിരെ മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ് രംഗത്തെത്തിയതോടെ വിഷയം ഭരണ-പ്രതിപക്ഷ പോരിലേക്കും വഴിമാറി.ഒടുവിൽ ഉത്തരവ് മരവിപ്പിക്കുകയും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യവിൽപനയുമായി ബന്ധപ്പെട്ട നയപ്രതിസന്ധി കൂടുതൽ കടുത്തിരിക്കുകയാണ്.











