ബുഡാപെസ്റ്റ് : കളത്തിനകത്തേ പോലെ തന്നെ കളത്തിന് പുറത്തും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച താരമാണ് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയ നീരജ് പക്ഷെ ഇപ്പോള്‍ വൈറലായിരിക്കുന്നത് തന്റെ മറ്റൊരു പ്രവര്‍ത്തിയിലൂടെയാണ്.
മെഡല്‍ നേട്ടത്തിന് ശേഷം ഒരു ഹംഗേറിയന്‍ വനിത നീരജിനടുത്ത് ഓട്ടോഗ്രാഫിനായെത്തി. അവര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പതാകയിലായിരുന്നു. എന്നാല്‍ പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജ് അറിയിച്ചു. ശേഷം അവര്‍ ധരിച്ചിരുന്ന ടിഷര്‍ട്ടിന്റെ കൈയ്യില്‍ ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു. ഇതോടെ അവര്‍ക്ക് ഇരട്ടി സന്തോഷമാകുകയും ചെയ്തു.
ജൊനാതന്‍ സെല്‍വരാജ് എന്ന മാധ്യമപ്രവര്‍ത്തകനാണ് താന്‍ പകര്‍ത്തിയ ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്. ഇതോടെ ചിത്രം വൈറലായി. നിരവധിപ്പേരാണ് നീരജിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. രാജ്യത്തിന്റെ അഭിമാനമാണ് വലുതെന്ന് കാട്ടിയ ഈ 25 കാരന്റെ പ്രവൃത്തിയെ ഏറെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.
ഒളിംപിക്സിലും ലോക അത്ലറ്റിക്സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയിലാണ് താരം നേട്ടങ്ങള്‍ സ്വന്തമാക്കിയത്.
Discussion about this post