പാലക്കാട് : നെല്‍ കര്‍ഷകര്‍ക്ക് പണം നല്‍കിയിട്ടില്ലെന്ന നടന്‍ ജയസൂര്യയുടെ പ്രസ്താവനയെ പിന്‍താങ്ങി ബിജെപി സംസ്ഥാന വക്താവ് സന്ദീപ വാര്യര്‍ രംഗത്ത്. കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ എത്തിയിട്ടില്ലെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചതായി സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ നെല്ല് സംഭരണം ഡിസെന്‍ട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം എന്നതാണ് രീതി. സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് അറിയിച്ചു. എന്നാല്‍ നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതായി സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
അതേസമയം കേന്ദ്ര വിഹിതമായ 400 കോടി ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചിട്ടില്ലെന്നായിരുന്നു കൃഷി മന്ത്രിയുടെ മറുപടി. ഇതിനെതിരെയാണ് ഇപ്പോള്‍ ബിജെപി രംഗത്ത് വന്നിരിക്കുന്നത്. നിലവില്‍ ക്ലെയിം പ്രൊപോസല്‍ ഒന്നുമില്ലാത്തതിനാല്‍ ഒരു രൂപ പോലും നെല്ല് ഏറ്റെടുത്തതിന്റെ വിഹിതമായി കേരളത്തിന് നല്‍കാന്‍ ഇല്ലെന്നു തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;
കര്‍ഷകര്‍ക്കുള്ള എംഎസ്പി സംബന്ധിച്ച ഒരു രൂപയുടെ പ്രൊപ്പോസല്‍ പോലും കേരളത്തില്‍ നിന്ന് കേന്ദ്രത്തില്‍ പെന്‍ഡിംഗ് ഇല്ല.
കേരളത്തിലെ നെല്ല് സംഭരണം ഡിസെന്‍ട്രലൈസ്ഡ് പൂളില്‍ ആയതിനാല്‍ പൊതുവിതരണ സംവിധാനം വഴി വിതരണം നടത്തിയ ശേഷം പോര്‍ട്ടല്‍ വഴി സംസ്ഥാനം ക്ലെയിം ചെയ്യണം. സംസ്ഥാനം ക്ലെയിം ചെയ്താല്‍ 20 ദിവസത്തിനകം പണം നല്‍കുമെന്നും കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശ്രീമതി ശോഭാകരന്തലജെയുടെ ഓഫീസ് അറിയിച്ചു.
എന്നാല്‍ നിലവില്‍ ഒരു നയാപൈസയുടെ ക്ലെയിം പോലും കേരളത്തില്‍ നിന്ന് സമര്‍പ്പിച്ചിട്ടില്ല.








