ചന്ദ്രോപരിതലത്തില്‍ റഷ്യയുടെ ലൂണ 25 പേടകം ഇടിച്ചിറങ്ങിയ പ്രദേശം കണ്ടെത്തിയതായി നാസയുടെ വെളിപ്പെടുത്തല്‍. നാസയുടെ ലൂണാര്‍ റിക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍ആര്‍ഒ) പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രത്തില്‍ നിന്നാണ് ലൂണ തകര്‍ന്ന് വീണ സ്ഥലം മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നാണ് നാസാ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ചന്ദ്രോപരിതലത്തില്‍ ഒരു പുതിയ ഗര്‍ത്തം രൂപപ്പെട്ടതിന്റെ ചിത്രം എല്‍ആര്‍ഒ പകര്‍ത്തിയത്.
ലൂണ 25 പേടകം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ ഗര്‍ത്തമാണ് ഇതെന്നാണ് നാസയുടെ റിപ്പോര്‍ട്ട്. 2022 ജൂണില്‍ ഇതേ സ്ഥലത്ത് നിന്നും പകര്‍ത്തിയ ചിത്രത്തില്‍ അവിടെ ഗര്‍ത്തം ഉണ്ടായിരുന്നില്ല. നേരത്തെ പകര്‍ത്തിയ ചിത്രവും എല്‍ആര്‍ഒ ഏറ്റവും പുതിയതായി പകര്‍ത്തിയ ചിത്രവും നാസ പങ്കുവെച്ചു.
ചന്ദ്രനിലേക്ക് ഇറങ്ങുന്നതിന് മുന്നോടിയായുള്ള ഭ്രമണ പഥം ക്രമീകരണത്തിനിടെയാണ് ലൂണ-25 പേടകം നിയന്ത്രണം വിട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. ഇതിന്റെ ഫലമായുണ്ടായ ഗര്‍ത്തമാണ് എല്‍ആര്‍ഒ പകര്‍ത്തിയത് എന്നാണ് നാസയിലെ ശാസ്ത്രജ്ഞര്‍ കരുതുന്നത്. ലൂണ 25 ഇടിച്ചിറങ്ങിയിരിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന മേഖലയ്ക്കടുത്താണിത്. പേടകം ഇടിച്ചിറങ്ങിയ സ്ഥലവുമായി ബന്ധപ്പെട്ട അനുമാനങ്ങള്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ഓഗസ്റ്റ് 21 ന് പ്രസിദ്ധീകരിച്ചിരുന്നു
ഇതിന് പിന്നാലെ ഓഗസ്റ്റ് 22 ന് എല്‍ആര്‍ഒയുടെ ക്യാമറ ടീമും മിഷന്‍ ഓപ്പറേഷന്‍സ് ടീമും ഈ മേഖലയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഓര്‍ബിറ്ററിന് നിര്‍ദേശം നല്‍കി. ഈ ചിത്രങ്ങള്‍ മുമ്പുള്ള ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പുതിയ ചെറിയ ഗര്‍ത്തം കണ്ടെത്തിയത്. 10 മീറ്റര്‍ വ്യാസമുള്ളതാണ് ഈ ഗര്‍ത്തം. ചന്ദ്രനില്‍ 57.865 ഡിഗ്രി തെക്കന്‍ അക്ഷാംശത്തിലും 61.360 ഡിഗ്രി കിഴക്കന്‍ രേഖാംശത്തിലുമാണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്കന്‍ 69.545 ഡിഗ്രി തെക്കും 43.544 ഡിഗ്രി കിഴക്കുമായാണ് പേടകം ഇടിച്ചിറങ്ങിയത് എന്നാണ് റോസ്‌കോസ്‌മോസിന്റെ അനുമാനം. ഈ മേഖലയില്‍ നിന്ന് 400 കിമീ അകലെയാണ് നാസ പുതിയ ഗര്‍ത്തം കണ്ടെത്തിയിരിക്കുന്നത്.
നാസയുടെ ഗോഡ്ഡാര്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് സെന്ററാണ് ലൂണാര്‍ റെക്കൊനൈസന്‍സ് ഓര്‍ബിറ്റര്‍ കൈകാര്യം ചെയ്യുന്നത്. 2009 ജൂണ്‍ 18 മുതലാണ് ഓര്‍ബിറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
Discussion about this post