കോഴിക്കോട്: കോഴിക്കോട്: സണ്ണി ലിയോൺ പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘർഷവും. നൂറോളം പോലീസുകാരെത്തി പരിപാടി തടഞ്ഞ് നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുത്തു. സംഘാടകർ അടക്കം എല്ലാവരെയും വേദിയിൽ നിന്നും പുറത്താക്കി. സരോവരത്തെ കാലിക്കട്ട് ട്രേഡ് സെന്ററിൽ നടന്ന പരിപാടിക്കിടെയാണ് സംഘർഷം. എത്തുമെന്ന് പറഞ്ഞ താരങ്ങൾ എത്താതെ വന്നതോടെ സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് വലിയ പ്രതിഷേധത്തിൽ കലാശിച്ചത്.
പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷൻ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
മാസങ്ങൾക്ക് മുൻപ് തന്നെ ഡിസൈനർ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നതായി പോലീസ് പറയുന്നു. സണ്ണി ലിയോൺ അടക്കം ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകൾ നേരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫാഷൻ രംഗത്ത് മുൻപരിചയമില്ലാത്ത കുട്ടികൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന തരത്തിലായിരുന്നു പ്രചാരണം.
ഒരു കുട്ടിയ്ക്ക് 6000 രൂപയോളം ചെലവ് വരുമെന്നും സംഘാടകർ അറിയിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.കോഴിക്കോട്ട് 3 ദിവസമായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഒരു ദിവസം മുൻപ് എത്തിച്ചേരാൻ കുട്ടികളോടും രക്ഷിതാക്കളോടും ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള 764 കുടുംബങ്ങൾ കോഴിക്കോട്ട് എത്തിയതായും പോലീസ് പറഞ്ഞു. പ്രമുഖ ഡിസൈനർമാരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാറ്റ് വാക്ക് പരിശീലനം നൽകുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ പ്രമുഖ ഡിസൈനർമാർ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, കുട്ടികൾക്ക് നൽകിയ വസ്ത്രങ്ങൾ തീരെ ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഇത് പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
വേദിയിൽ നിന്നു പുറത്തിറങ്ങിയ കുട്ടികൾക്കുള്ള ഷീൽഡുകളിൽ കുട്ടികളുടെ പേരുപോലും എഴുതിയിരുന്നുമില്ല. കുട്ടികളുടെ ചിത്രം നോക്കി ഷീൽഡുകൾ തിരഞ്ഞെടുക്കേണ്ടി വന്നതോടെ രക്ഷിതാക്കൾ പ്രതിഷേധം തുടങ്ങി. സ്വകാര്യ സുരക്ഷാജീവനക്കാർ (ബൗൺസർമാർ) പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചത് കൂടുതൽ പ്രശ്‌നത്തിലേക്ക് നയിച്ചു.
അതേസമയം ട്രേഡ് സെന്ററിൽ മെഗാ പരിപാടി നടക്കുന്നതിനുള്ള അനുമതികളൊന്നും നടത്തിപ്പുകാർ വാങ്ങിയിരുന്നില്ലെന്നു പോലീസ് പറഞ്ഞു. ഇന്നലെ 3.30ന് ആണ് റവന്യു വകുപ്പിൽ പണമടച്ച് അനുമതി വാങ്ങിയത്. എന്നാൽ കോർപറേഷന്റെയോ ടൗൺ പ്ലാനിങ് വിഭാഗത്തിന്റെയോ അനുമതി വാങ്ങിയിരുന്നില്ല. പോലീസിന്റെ അനുമതിയും ഇല്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
Discussion about this post