ചെന്നൈ: സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിനെതിരെ തമിഴ്‌നാട്ടിലെ ക്ഷേത്ര പുരോഹിതൻ രംഗത്ത്. ചിൽക്കൂർ ബാലാജി ക്ഷേത്രത്തിലെ മുതിർന്ന പുരോഹിതൻ രംഗരാജൻ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ വർഗ്ഗീയ പരാമർശത്തിന് ജനങ്ങൾ വോട്ടിലൂടെ മറുപടി നൽകണമെന്ന് അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മകനും ക്യാബിനറ്റ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തെ ഡെങ്കിയും മലേറിയയുമായി താരതമ്യം ചെയ്യുന്നത് കേട്ടു. സമൂഹത്തിന്റെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രതികരണമാണ് ഇതെന്ന് ആദ്യമേ പറയട്ടേ. പരാമർശത്തിന്റെ പേരിൽ ഏത് വലിയ നിയമപ്രശ്‌നം വന്നാലും നേരിടാൻ തയ്യാറാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സാഹചര്യത്തിൽ നാം കോടതിയെ സമീപിക്കേണ്ട ആവശ്യമില്ല. അല്ലെങ്കിലും നമ്മൾ കോടതിയിൽ പോയിട്ട് എന്തിനാണ്.
സമയം കിട്ടുമെങ്കിൽ സ്റ്റാലിൻ എംപി ശിവജ്ഞാനത്തെക്കുറിച്ച് പിതാവിനോട് ചോദിച്ച് മനസ്സിലാക്കണം. ചിലപ്പതികാരത്തെക്കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയ അതികായൻ ആയിരുന്നു അദ്ദേഹം. ആദ്യം ദ്രാവിഡസംസ്‌കാരത്തെക്കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന അഭിപ്രായം എന്താണെന്ന് എം.കെ സ്റ്റാലിനോട് ചോദിച്ച് മനസ്സിലാക്കൂ. ഇതിന് ശേഷമാകും സനാതനധർമ്മത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനം എന്നും രംഗരാജൻ കൂട്ടിച്ചേർത്തു.
എംപി ശിവജ്ഞാനത്തെ ബഹുമാനിച്ചില്ലെങ്കിൽ തമിഴ്‌നാട്ടിലെ ഒരു സീറ്റിലും വിജയിക്കാൻ ഉദയനിധി സ്റ്റാലിന് കഴിയില്ല. ഈ അവസരത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങളോട് ഒരു കാര്യമേ ആവശ്യപ്പെടാനുള്ളൂ. ഇനിയെങ്കിലും ഡിഎംകെയുടെ യഥാർത്ഥ മുഖം തിരിച്ചറിയണം. അടുത്ത തിരഞ്ഞെടുപ്പിൽ ഇതിന് മറുപടി നൽകണം എന്നും കൂട്ടിച്ചേർത്തു.
Discussion about this post