ദിസ്പുർ : വടക്ക് കിഴക്കൻ മേഖലയിലെ ആദ്യത്തെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചു. ചൈനീസ് അതിർത്തിയോട് ചേർന്ന് നിർമ്മിച്ചിട്ടുള്ള ഹൈവേ റൺവേയിൽ പ്രധാനമന്ത്രി മോദിയുടെ വിമാനം ചരിത്രപരമായ ലാൻഡിംഗ് നടത്തി. ഒരു പ്രധാനമന്ത്രിയുടെ വിമാനം ദേശീയ പാതയിൽ ലാൻഡ് ചെയ്യുന്നത് ഇതാദ്യമായാണ്. ഇന്ത്യൻ വ്യോമസേനയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ELF, അടിയന്തര ഘട്ടങ്ങളിൽ സൈനിക, സിവിലിയൻ വിമാനങ്ങളുടെ ലാൻഡിംഗ്, ടേക്ക് ഓഫ് എന്നിവ സാധ്യമാക്കുന്നതിനാണ് നിർമ്മിച്ചിരിക്കുന്നത്. 40 ടൺ വരെ ഭാരമുള്ള യുദ്ധവിമാനങ്ങളെയും പരമാവധി 74 ടൺ ടേക്ക് ഓഫ് ഭാരമുള്ള ഗതാഗത വിമാനങ്ങളെയും കൈകാര്യം ചെയ്യാൻ റൺവേയ്ക്ക് കഴിയും.
ദിബ്രുഗഡിലെ മൊറാൻ ബൈപാസിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ (ഇഎൽഎഫ്) രാവിലെ 10.51 ഓടെ പ്രധാനമന്ത്രി വിമാനമിറങ്ങി. ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് പ്രധാനമന്ത്രി മോദി ലാൻഡ് ചെയ്തത്. പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് സു-30എംകെഐ വിമാനം ഈ ഹൈവേ റൺവേയിലൂടെ പറന്നുയർന്നു. തുടർന്ന്, യുദ്ധവിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടുന്ന ഒരു വ്യോമ പ്രദർശനവും നടന്നു.
ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തന, ദുരിതാശ്വാസ ദൗത്യങ്ങൾ വേഗത്തിൽ വിന്യസിക്കാൻ അനുവദിക്കുന്ന തരത്തിൽ ദ്രുത പ്രതികരണത്തിനുള്ള ഒരു സുപ്രധാന നേട്ടമാണിത്. ചൈനീസ് അതിർത്തിയോട് ചേർന്നാണ് ഇത്തരത്തിൽ ഒരു എമർജൻസി ലാൻഡിങ് ഫെസിലിറ്റി നിർമ്മിച്ചിരിക്കുന്നത് എന്നുള്ളതും ഏറെ തന്ത്രപ്രധാനമാണ്.









Discussion about this post