തിരുവനന്തപുരം: മലയിൻകീഴിൽ നാല് വയസ്സുകാരൻ മരിച്ചത് ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റാണെന്ന് ബന്ധുക്കൾ. ഷവർമ്മ കഴിച്ച ശേഷമാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത് എന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
മലയിൻകീഴ് പ്ലാങ്ങാട്ടുമുകൾ സ്വദേശിയായ അനിരുദ്ധ് ആണ് മരിച്ചത്. അടുത്തിടെ കുട്ടി കുടുംബവുമൊത്ത് ഗോവയ്ക്ക് പോയിരുന്നു. ഇതിനിടെയാണ് ഷവർമ്മ കഴിച്ചത്. ഇതിന് തൊട്ട് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില വഷളായതോടെ കുട്ടി മരിച്ചു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.












