ബംഗളൂരു: 14 ദിവസത്തെ സാഹസിക ദൗത്യത്തിന് ശേഷം സ്ലീപ് മോഡിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ ചാന്ദ്രയാൻ 3. പ്രഗ്യാൻ റോവർ സുരക്ഷിതമായി പാർക്ക് ചെയ്ത് ഉറക്കം ആരംഭിച്ചെങ്കിലും അത് ജോലികൾ പൂർത്തീകരിക്കാൻ ഇസ്രോയെ സഹായിക്കുന്നുണ്ട്.
ഇപ്പോഴിതാ ഞെട്ടിക്കുന്ന അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് ഐഎസ്ആർഒ.പ്രഗ്യാൻ റോവർ പകർത്തിയ ചിത്രങ്ങൾ സംയോജിപ്പിച്ചു കൊണ്ടുള്ള ത്രീഡി ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലുള്ള വിക്രം ലാൻഡറിന്റെ ചിത്രമാണ് ഐഎസ്ആർഒ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചത്. പ്രഗ്യാൻ റോവറിന്റെ നാവിഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം തയാറാക്കിയത്. സ്റ്റീരിയോസ്‌കോപ്പിക് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഐഎസ്ആർഒയുടെ ഇലക്ട്രോഒപ്റ്റിക്‌സ് സിസ്റ്റം ലബോറട്ടറിയാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ തയാറാക്കിയത്. അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രം ത്രീഡിയാക്കി മാറ്റിയത്.








