കൊച്ചി: ആലുവയിൽ എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികരണവുമായി പ്രദേശവാസി. പുലർച്ചെ രണ്ട് മണിയോടെ എഴുന്നേറ്റ് ജനൽ തുറന്നപ്പോൾ ഒരാൾ കുട്ടിയേയും കൊണ്ടു പോകുന്നത് കണ്ടുവെന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്. ഉടനെ തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന രണ്ട് പേരെയും കൂട്ടി നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്താൻ സാധിച്ചതെന്നും ഇയാൾ പറയുന്നു. നാട്ടുകാരനായ ആൾ തന്നെയാണ് പ്രതിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പ്രദേശവാസിയുടെ വാക്കുകൾ ഇങ്ങനെ.” രണ്ടേകാലിന് ഒരു നിലവിളി കേട്ട് എഴുന്നേറ്റ് ജനൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാൾ കുട്ടിയേയും കൊണ്ട് പോകുന്നത് കണ്ടത്. അടുത്ത വീട്ടിലെ കുട്ടികളൊന്നും അല്ലെന്ന് കണ്ടപ്പോൾ തന്നെ മനസിലായി. ഉടനെ തന്നെ അടുത്തുള്ള വീടുകളിൽ നിന്നുള്ള ചിലരേയും കൂട്ടി പരിശോധിച്ചു. ഇതിനിടെ ഒരു കുട്ടി കരഞ്ഞു കൊണ്ട് ഓടി വരികയായിരുന്നു.
കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം ഒൻപത് വയസ്സ് പ്രായമുള്ള കുട്ടിയാണ്. ഉടനെ തന്നെ കുട്ടിയേയും കൂട്ടി വീട്ടിലേക്ക് പോയി. പോലീസിനെ വിളിച്ച് അറിയിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്നും” പ്രദേശവാസി പറയുന്നു.
Discussion about this post