കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ജയം. 40,478 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത് എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ കണക്കുകൾ പുറത്തുവന്നിട്ടില്ല. ജയം ഉറപ്പിച്ചതോടെ കോൺഗ്രസ് പ്രവർത്തകർ ആഘോഷപരിപാടികൾ ആരംഭിച്ചു.
13 റൗണ്ടുകളിലായിരുന്നു വോട്ടെണ്ണൽ. ആദ്യ റൗണ്ട് വോട്ടുകൾ എണ്ണാൻ ആരംഭിച്ചപ്പോൾ തന്നെ വ്യക്തമായ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ഉണ്ടായിരുന്നു. പിന്നീടുള്ള റൗണ്ടുകളിൽ ഈ ഭൂരിപക്ഷം നിലനിർത്തി. വോട്ടെണ്ണൽ ആരംഭിച്ച് അവസാനിക്കുന്നതുവരെ ലീഡ് നിലയിൽ ചാണ്ടി ഉമ്മൻ തന്നെ മാറ്റമില്ലാതെ തുടരുകയായിരുന്നു.
മണർകാട് ഉൾപ്പെടെ ഇടതിന് ശക്തിയുള്ള കേന്ദ്രങ്ങൾ പോലും ഇക്കുറി തുണച്ചത് ചാണ്ടി ഉമ്മനെയാണ്. അയർക്കുന്നം പഞ്ചായത്തിലെ ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇവിഎം വോട്ടുകളുടെ ആദ്യ റൗണ്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ ചാണ്ടി ഉമ്മൻ ജയം ഉറപ്പിച്ചിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിയോഗത്തോടെയായിരുന്നു പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഈ മാസം അഞ്ചിനായിരുന്നു തിരഞ്ഞെടുപ്പ്. 72.86 ശതമാനം ആയിരുന്നു പോളിംഗ്.
Discussion about this post