ന്യൂഡൽഹി: ഖാലിസ്ഥാനി തീവ്രവാദത്തെ നേരിടാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ” യാതൊരു തരത്തിലുള്ള തീവ്രവാദ ഭീഷണികളോ അക്രമമോ യുകെ അംഗീകരിക്കുന്നില്ല. ഈ ഭീഷണി അവസാനിപ്പിക്കാൻ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കും. ഖാലിസ്ഥാനി തീവ്രവാദം ഏറെ പ്രസക്തമായ വിഷയമാണ്. യുകെ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് സംശയമില്ലാതെ പറയാം. അതുകൊണ്ട് തന്നെയാണ് ഖാലിസ്ഥാൻ അനുകൂലികളെ എതിർക്കാൻ ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്”.
” യുകെയുടെ സുരക്ഷാവിഭാഗം കൈകാര്യം ചെയ്യുന്ന മന്ത്രി അടുത്തിടെ ഇന്ത്യയിൽ ഉണ്ടായിരുന്നു. രഹസ്യാന്വേഷണം നടത്തി വിവരങ്ങൾ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുണ്ട്. ഇത്തരത്തിലുള്ള അക്രമാസക്തമായ തീവ്രവാദത്തെ വേരോടെ പിഴുതെറിയണം. യുകെയിൽ ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. യുകെയിലെ പൗരന്മാരെ തീവ്രവാദികളാക്കാനുള്ള ഏതൊരു ശ്രമത്തേയും അധികാരികൾ കയ്യോടെ പിഴുതെറിയുമെന്നും” അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ യുകെയിൽ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ഖാലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണം ഉണ്ടായിരുന്നു. ഖാലിസ്ഥാൻ തീവ്രവാദിയായ അമൃത്പാൽ സിംഗിനെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് തീവ്രവാദികൾ ഹൈക്കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ടത്. ഹൈക്കമ്മീഷനിൽ ഉയർത്തിയിരുന്ന ദേശീയപതാക അടക്കം അക്രമികൾ പിഴുത് മാറ്റിയിരുന്നു.









