ജിദ്ദ: സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ മിന്നലിനും കനത്തതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത. മക്ക മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും പേമാരി, ആലിപ്പഴ വര്‍ഷം, പൊടിപാറും ചുഴലിക്കാറ്റ് എന്നിവയുണ്ടാകുമെന്നും പ്രവചിക്കുന്നു.
പേമാരിക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി. മക്ക, ത്വാഇഫ്, മെയ്സാന്‍, അദ്ഹം, അല്‍ അര്‍ദിയാത്ത്, അസീര്‍, ജീസാന്‍, അല്‍ ബാഹ എന്നീ പ്രദേശങ്ങളിലാണ് മഴയ്ക്കുള്ള സാധ്യത കൂടുതല്‍.
മദീന മേഖലയില്‍ മിതമായ മഴയും ഖുന്‍ഫുദ, അല്‍ ലൈത്ത്, ഖുലൈസ്, ബഹ്റ, അല്‍ മുവൈഹ്, അല്‍ ഖുര്‍മ, റാനിയ, തുറബ, നജ്റാന്‍ മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴയും പ്രതീക്ഷിക്കുന്നുണ്ട്. മിന്നലിനും ആലിപ്പഴവര്‍ഷത്തിനും സാധ്യതയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.








