ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. തന്നെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ നളിനി ആവശ്യപ്പെട്ടിരിക്കുന്നത്.
24 വര്‍ഷമായി താന്‍ ജയിലില്‍ കഴിയുകയാണെന്നും ഇനി തന്നെ മോചിപ്പിക്കണം. 10 വര്‍ഷം ജയിലില്‍ കഴിഞ്ഞ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 2200 കുറ്റവാളികളെ തമിഴ്നാട് സര്‍ക്കാര്‍ അടുത്തിടെ മോചിപ്പിച്ചിരുന്നു. എന്നാല്‍, അവരുടെ കൂട്ടത്തില്‍ തന്നെ പരിഗണിച്ചില്ലെന്ന് നളിനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മറ്റൊരു വകുപ്പില്‍ പെടുന്നു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാരിന്റെ നടപടി. ജീവപര്യന്തം ശിക്ഷയായ 14 വര്‍ഷവും കഴിഞ്ഞ് 20 വര്‍ഷം വരെ ശിക്ഷ അനുഭവിച്ചവരെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഈ പദ്ധതി പ്രകാരം തനിക്കും മോചത്തിന് അര്‍ഹതയുണ്ടെന്നും നളിനി ഹര്‍ജിയില്‍ പറയുന്നു.
നിലവില്‍ വെല്ലൂരില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലിലാണ് നളിനിയെ പാര്‍പ്പിച്ചിരിക്കുന്നത്. 1998 ജനുവരി 28നാണ് രാജീവ് വധക്കേസില്‍ നളിനിയെ വധശിക്ഷയ്ക്ക് വിധിച്ചത്. പിന്നീട് രാജീവിന്റെ പത്നിയും കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിയുടെ ശുപാര്‍ശയെ തുടര്‍ന്ന് തമിഴ്നാട് ഗവര്‍ണര്‍ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു.
നളിനിയെ കൂടാതെ മുരുകന്, റോബര്‍ട്ട് പയസ്, ശാന്തന്, പേരറിവാളന്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന മറ്റുള്ളവര്‍. മുരുഗന്, ശാന്തന്, പേരറിവാളന് എന്നിവരെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം നേരത്തെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
Discussion about this post