ജയ്പൂർ : രാജസ്ഥാനിൽ ജൽ ജീവൻ പദ്ധതിയിലും അഴിമതി നടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. കുറ്റാരോപിതരായ ഉദ്യോഗസ്ഥരിൽ നിന്ന് 5.86 കോടി രൂപ വിലമതിക്കുന്ന 9.5 കിലോ സ്വർണം ഇ ഡി പിടിച്ചെടുത്തു. ദിവസങ്ങൾക്കു മുമ്പ് നടത്തിയ മറ്റൊരു പരിശോധനയിൽ രാജസ്ഥാൻ സർക്കാരിലെ രണ്ട് ഉദ്യോഗസ്ഥരുടെ വസതികളിൽ നിന്ന് 2.5 കോടി രൂപയും ഒരു കിലോ സ്വർണവും ഇ ഡി കണ്ടെത്തിയിരുന്നു.
രാജസ്ഥാൻ സർക്കാരിലെ ചില മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അടുത്ത ബന്ധമുള്ള ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ പേരിലുള്ളതാണ് 8 കിലോ സ്വർണം കണ്ടെടുത്ത ലോക്കർ. സർവീസിൽ നിന്നും വിരമിച്ച മറ്റൊരു ഉദ്യോഗസ്ഥന്റെ ലോക്കറിൽ നിന്നാണ് 1.5 കിലോ സ്വർണം കണ്ടെടുത്തത്.
900 കോടി രൂപയുടെ ജൽ ജീവൻ പദ്ധതിയിലാണ് രാജസ്ഥാനിലെ സർക്കാർ ഉദ്യോഗസ്ഥർ അഴിമതി നടത്തിയിരിക്കുന്നത്. രാജസ്ഥാനിലെ പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിനാണ് സംസ്ഥാനത്തെ ഓരോ ജില്ലകളിലും കുടിവെള്ള പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ നടത്തിപ്പിന്റെ അധികാരമുള്ളത്. ഉന്നത ബന്ധമുള്ള ഉദ്യോഗസ്ഥർ വ്യാജ രേഖകൾ സമർപ്പിച്ച് വ്യാജ ടെൻഡറിലൂടെ കോടികൾ തട്ടിയതായാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്.








