ചെന്നൈ: ചെന്നൈയില്‍ സംഘടിപ്പിച്ച എ.ആര്‍.റഹ്‌മാന്‍ സംഗീതനിശയില്‍ അനുവദനീയമായതിലും ഇരട്ടിയിലേറെ ടിക്കറ്റുകള്‍ അനധികൃതമായി വിറ്റുവെന്ന് കണ്ടെത്തി പോലീസ്. 20,000 പേര്‍ക്കാണ് പരിപാടിയില്‍ അനുമതി നല്‍കിയിരുന്നത്. ഇത്രയും ആളുകള്‍ക്ക് ഇരിക്കാനുള്ള സ്ഥലമാണ് വേദിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അനുവദിച്ചതിനേക്കാളും 21,000 അധികം ടിക്കറ്റുകളാണ് പരിപാടിയുടെ സംഘാടകര്‍ വിറ്റതെന്ന് പോലീസ് പറയുന്നു. 20,000 ടിക്കറ്റുകള്‍ക്ക് അനുമതി ലഭിച്ചപ്പോള്‍ എങ്ങനെയാണ് 41,000 ടിക്കറ്റുകള്‍ വിറ്റതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
പരിപാടി സംബന്ധിച്ച് തെറ്റായ വിവരങ്ങളാണോ സംഘാടകര്‍ കൈമാറിയതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി 45,000ത്തിലധികം പേരാണ് എത്തിയതെന്നാണ് കണക്ക്. ആവശ്യത്തിന് സുരക്ഷാ ജീവനക്കാരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പണം നല്‍കി ടിക്കറ്റ് എടുത്ത പലരും മണിക്കൂറുകളോളം അകത്തേക്ക് കടക്കാനാകാതെ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വാഹനം ഉള്‍പ്പെടെ ഗതാഗതക്കുരുക്കില്‍ പെട്ടതോടെയാണ് കേസില്‍ പോലീസ് അന്വേഷണം ആരംഭിക്കുന്നത്. അതേസമയം പരിപാടിയുടെ സംഘാടന പിഴവ് പൂര്‍ണമായും ഏറ്റെടുക്കുന്നുവെന്ന് സമ്മതിച്ച് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും രംഗത്തെത്തി.








