ഹിന്ദുസ്ഥാനിൽ വസിക്കുന്നവരെ ഹിന്ദു എന്നു തന്നെയാണ് വിളിക്കേണ്ടത്. പുരാണത്തിൽ പോലും പരാമർശിച്ചിട്ടുള്ളതാണ് ഇക്കാര്യം. ഭാരതത്തിൻ്റെ തനിമയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തെയും വർത്തമാനത്തെയും കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും അതു നിലനിൽക്കും. ശാശ്വതമാണ് സനാതനധർമ്മം; ഒരാൾക്കും അതിനെ ചോദ്യം ചെയ്യാൻ പോലും സാധിക്കില്ല എന്നദ്ദേഹം പറഞ്ഞു.
ഇൻഡോറിലെ ശ്രീനാഥ് ക്ഷേത്രത്തിലെ കൊടിമരം അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ശ്ലോകങ്ങൾ ഉദ്ധരിച്ച് അദ്ദേഹം ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ചു. ഹിന്ദു എന്ന പദം നമ്മൾ ഭാരതീയരുടെ സാംസ്കാരിക സ്വത്വമാണ്. വെറും മതപരമായ തത്വങ്ങളിൽ അതിനെ തളച്ചിടാനാണ് ചിലർക്ക് താത്പര്യം. വിശാലമായി ചിന്തിക്കുന്നവർക്ക് സ്വന്തം സാംസ്കാരികപൈതൃകത്തെ തിരിച്ചറിയാൻ സാധിക്കും അദ്ദേഹം പറഞ്ഞു.
മക്കയിലേക്ക് ഇന്ത്യ,പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ഹജ്ജ് ചെയ്യാൻ മുസ്ലിംകൾ യാത്ര തിരിക്കാറുണ്ട്. എന്നാൽ അവർ അവിടെയും ഹിന്ദു എന്നുതന്നെയാണ് അറിയപ്പെടുന്നത്. അത് ജാതിയെ സംബന്ധിച്ച ഒരു വാക്ക് ആയിട്ടല്ല ആ നാട്ടിൽ പ്രയോഗിക്കുന്നത്. പകരം ഹിന്ദു എന്ന ഭാരതത്തിൻ്റെ സാംസ്കാരിക സ്വത്വത്തിൻ്റെ പ്രതീകമായിട്ടാണ് അങ്ങനെ അഭിസംബോധന ചെയ്യുന്നത്.
ഇക്കാര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഉന്നതസ്ഥാനത്ത് എത്തിയിട്ടും സ്വന്തം സ്വത്വത്തെ മറക്കാത്ത വ്യക്തിയാണ് അദ്ദേഹം. തൻ്റെ പൂർവ്വികർ മൂന്നു തലമുറകൾക്ക് മുൻപ് ബ്രിട്ടനിലേക്ക് കുടിയേറിയതാണ്. എന്നിട്ടും അവർ സ്വന്തം പാരമ്പര്യം കൈവിട്ടിരുന്നില്ല.അദ്ദേഹവും ആ പാരമ്പര്യം തുടർന്നു. ഹിന്ദുത്വത്തിൽ അഭിമാനം കൊള്ളുന്ന അദ്ദേഹം ആചാരങ്ങൾ പിന്തുടരുന്നതിലും പ്രത്യേകം താല്പര്യം കാണിക്കുന്നു.
സനാതനധർമ്മത്തെ ശപിക്കുന്ന ചിലരുണ്ടെന്ന് സമകാലികസംഭവങ്ങൾ നമുക്ക് കാണിച്ചു തരുന്നതായും ഉദയനിധിസ്റ്റാലിൻ്റെ പരാമർശങ്ങളെ ഉന്നം വെച്ച് അദ്ദേഹം പറഞ്ഞു. ഇത് ആദ്യസംഭവമല്ല.ഏതു കാലത്തും ഇത്തരം പരാമർശങ്ങളും പ്രവൃത്തികളും ഉണ്ടായിട്ടുണ്ട്. ഭാരതത്തിൻ്റെ മൂല്യങ്ങളെയും ആദർശങ്ങളെയും ആക്രമിക്കാൻ മടിയില്ലാത്തവരായിരുന്നു അവർ. ദൈവത്തിൻ്റെ അസ്തിത്വത്തെ തന്നെയും നിഷേധിക്കുന്നവരാണ് ഇക്കൂട്ടർ എന്നും അദ്ദേഹം വിമർശിച്ചു.
Discussion about this post