കോട്ടയം: വിവാഹത്തിന് വിളിക്കാതെ സദ്യ ഉണ്ണാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിൽ കൂട്ടയടി. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കടുത്തുരുത്തിയിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് രണ്ട് തവണ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. കടുത്തുരുത്തിയിലെ ഒരു ഓഡിറ്റോറിയത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ശേഷമാണ് വധൂവരന്മാർ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നത്. സദ്യ വിളമ്പാൻ തുടങ്ങിയതോടെ ഫ്രീക്കന്മാരായ കുറച്ച് ചെറുപ്പക്കാരെ ഓഡിറ്റോറിയത്തിൽ കണ്ടു. വരന്റെ ബന്ധുക്കൾ ഇവരെ ചോദ്യം ചെയ്തതോടെ തർക്കം കയ്യാങ്കളിയിലേക്ക് നീളുകയായിരുന്നു. വരന്റെ ബന്ധുക്കളിൽ ഒരാളുടെ മൂക്കിന് ഇടിയേറ്റ് രക്തം വാർന്നു. മറ്റൊരാളുടെ നെറ്റിയിൽ ആഴത്തിൽ മുറിവ് ഉണ്ടായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയശേഷം ഓഡിറ്റോറിയത്തിന്റെ വാതിൽ പൂട്ടി.
വിവാഹത്തിന് എത്തിയവർ പോലീസ് സംരക്ഷണത്തിലാണ് പുറത്ത് കടന്നത്. വഴിയിൽ വച്ചും ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളി ഉണ്ടായിരുന്നു. ഓഡിറ്റോറിയത്തിന്റെ അടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുന്നതിനായി എത്തിയ ചെറുപ്പക്കാരാണ് ഭക്ഷണം കഴിക്കാനായി എത്തിയത്. ഇവർ പതിവായി കൂട്ടമായെത്തി ഭക്ഷണം കഴിച്ചു മടങ്ങുന്ന സ്ഥിതി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന വിവാഹസത്കാരത്തിന് ഭക്ഷണം തികയാത്ത സ്ഥിതിയും വന്നിരുന്നു.
Discussion about this post