ന്യൂഡൽഹി: പാക് അധീന കശ്മീരിനേയും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുകയാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച് യുഎഇ. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോ ആണ് യുഎഇ ഉപപ്രധാനമന്ത്രി സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പങ്കുവച്ചത്. അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയിൽ പങ്കുവച്ച വീഡിയോ ആണിത്.
പാക് അധീന കശ്മീർ തങ്ങളുടെ ഭാഗമാണെന്ന് ആഗോളതലത്തിൽ വാദമുയർത്തുന്ന പാകിസ്താനുള്ള കനത്ത തിരിച്ചടിയാണ് യുഎഇയുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം. പാക് അധീന കശ്മീരിനേയും ഇന്ത്യയുടെ ഭാഗമായി തന്നെ ചിത്രീകരിച്ചു കൊണ്ടാണ് സാമ്പത്തിക ഇടനാഴിയുടെ പാത വിശദീകരിക്കുന്നത്. ഇന്ത്യയുമായി യുഎഇക്കുള്ള ശക്തമായ നയതന്ത്രബന്ധം ഊട്ടിഉറപ്പിക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും സഹകരണവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണ് ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി. ഈ മേഖലകൾ തമ്മിൽ ശക്തമായ ബന്ധം ഉണ്ടാക്കുന്നതിന് പുറമെ നിക്ഷേപ, വിവിധ മേഖലകളിൽ സഹകരണം എന്നിവയും വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Discussion about this post