ന്യൂഡൽഹി : ലിബിയക്ക് പ്രളയം ദുരന്തമാണ് സമ്മാനിച്ചതെങ്കിൽ ഇന്ത്യയിൽ നിന്നുള്ള നാല് യുവാക്കൾക്ക് ആ പ്രളയം ജീവിതമാണ് തിരികെ നൽകിയത്. ലിബിയയിലെ മാഫിയ സംഘത്തിന്റെ പിടിയിൽ അകപ്പെട്ട് കഴിഞ്ഞിരുന്ന നാല് യുവാക്കളെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചു. ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചാണ് ഇവരെ ലിബിയയിൽ എത്തിച്ചിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത ട്രാവൽ ഏജന്റ് വഴി ഈ യുവാക്കൾ വിദേശത്ത് എത്തുന്നത്. പർവേഷ് കുമാർ, മൻപ്രീത് സിംഗ്, രോഹിത്, സുഖ്‌വീന്ദർ സിംഗ് എന്നീ യുവാക്കളാണ് ചതിയിൽപ്പെട്ടത്. ലിബിയയിൽ എത്തിച്ചശേഷം മാഫിയ സംഘത്തിന് അടിമകളാക്കി വിൽക്കുകയായിരുന്നു ഈ യുവാക്കളെ. ആറുമാസത്തോളമായി ഇവർ ലിബിയയിൽ ശമ്പളമോ ശരിയായ ഭക്ഷണമോ ഇല്ലാതെ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു.
നിരവധി ഇന്ത്യൻ യുവാക്കൾ ആണ് ഇത്തരത്തിൽ ചതിയിൽപ്പെട്ട് ലിബിയയിൽ എത്തിപ്പെട്ടിട്ടുള്ളത്. പലർക്കും യുകെയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇന്ത്യയിൽ നിന്നും കൊണ്ടുപോകുന്നത്. പിന്നീട് ഇവരെ ലിബിയയിൽ എത്തിക്കുകയും അടിമകളാക്കി വിൽക്കുകയുമാണ് ചെയ്യുന്നത്. ലിബിയയിൽ ഇന്ത്യൻ എംബസി ഇല്ല എന്നുള്ളതിനാൽ പലപ്പോഴും ഇത്തരം കെണിയിൽ പെട്ടവരെ കണ്ടെത്താനോ സഹായങ്ങൾ നൽകാനോ കഴിയാറില്ല. അയൽരാജ്യമായ ടുണീഷ്യയിലെ ഇന്ത്യൻ എംബസി വഴിയാണ് ഇത്തരത്തിൽ ലിബിയയിൽ ചതിയിൽ അകപ്പെട്ട പല ഇന്ത്യക്കാർക്കും മോചനം സാധ്യമായത്.
Discussion about this post