ചെന്നൈ: നികുതി വെട്ടിച്ച് സ്വർണവും ഇലക്ട്രോണിക് ഉത്പന്നങ്ങളും കടത്താൻ കൂട്ടുനിന്നതിന് വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേർക്കെതിരെ കേസെടുത്ത് കസ്റ്റംസ്. മസ്‌കത്തിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ യാത്രക്കാരിൽ നിന്ന് 14 കോടിയോളം രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. കമ്മീഷനായി നിശ്ചിത തുക, ചോക്കലേറ്റ്, പെർഫ്യൂം തുടങ്ങിയവ വാഗ്ദാനം ചെയ്താ് കള്ളക്കടത്തുസംഘം യാത്രക്കാരെ സ്വാധീനിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിമാനത്തിലെത്തിയ 186 യാത്രക്കാരേയും തടഞ്ഞുവച്ച് പരിശോധിച്ചത്. 13 കിലോയോളം സ്വർണവും ഇവരിൽ പലരിൽ നിന്നായി പിടിച്ചെടുത്തു. ബിസ്‌കറ്റ്, മിശ്രിതം, സ്പ്രിംഗ്വയർ തുടങ്ങീ പല രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. 120 ഐഫോണുകൾ, 84 ആൻഡ്രോയ്ഡ് ഫോണുകൾ, വിദേശ സിഗരറ്റ്, കുങ്കുമപ്പൂവ്, ലാപ്‌ടോപ്പുകൾ എന്നിവ സ്യൂട്ട്‌കേസുകളുടേയും ബാഗുകളുടേയും രഹസ്യ അറികളിലായി സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്.








