പാട്‌ന: കോൺഗ്രസ് നേതാക്കളായ സോണിയയും രാഹുൽ ഗാന്ധിയും സനാതന ധർമ്മത്തെ അവഹേളിക്കുക എന്ന തങ്ങളുടെ അജണ്ട ഡിഎംകെയ്ക്കും ഇൻഡിയ സഖ്യത്തിനും കൈമാറിയെന്ന വിമർശനവുമായി ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ.” മുംബൈയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വച്ച് സനാതന ധർമ്മത്തെ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്യുക എന്ന അജണ്ട ഡിഎംകെയ്ക്കും മറ്റ് പാർട്ടികൾക്കും അമ്മയും മകനും കൈമാറിയിരിക്കുകയാണ്. യഥാർത്ഥത്തിൽ ഇത് സോണിയയുടേയും രാഹുലിന്റേയും അജണ്ടയാണ്.
ഇൻഡിയ സഖ്യം മുംബൈയിൽ യോഗം ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ അവഹേളിച്ച് പരാമർശങ്ങൾ നടത്തിയത്. കർണാടക സർക്കാരിലെ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ മകനും സനാതന ധർമ്മത്തെ മോശമാക്കി സംസാരിച്ചു. പിന്നാലെ തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു മന്ത്രിയും ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് സംസാരിച്ചു. ഇതിൽ നിന്ന് നമ്മൾ എന്താണ് മനസ്സിലാക്കേണ്ടത്? സോണിയ ഗാന്ധി ഇപ്പോഴും മൗനം തുടരുകയാണ്.
രാഹുൽ ലോകമെമ്പാടും പോയി ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല. ഒരു മതത്തെ അനാദരിക്കാൻ ഭരണഘടന ആർക്കെങ്കിലും അവകാശം നൽകിയിട്ടുണ്ടോ? ഏതെങ്കിലും മതത്തേയും അതിന്റെ ആശയത്തേയും വിശ്വാസത്തേയും ദുരുപയോഗം ചെയ്യണമെന്ന് ഭരണഘടനയിൽ എഴുതിയിട്ടുണ്ടോ?. രാഹുൽ പറയുന്നത് താൻ സ്‌നേഹത്തിന്റെ കട നടത്തുകയാണെന്നാണ്. പക്ഷേ അയാളുടെ കടയിലൂടെ വിദ്വേഷം മാത്രമാണ് വിൽക്കപ്പെടുന്നതെന്നും” ജെ.പി നദ്ദ വിമർശിച്ചു.
Discussion about this post