ന്യൂഡൽഹി: രാത്രി കൊണ്ട് അതിവേഗട്രെയിനുകളിൽ സഞ്ചരിക്കാമെന്ന സൗകര്യവുമായി വന്ദേഭാരത് സ്ലീപ്പർ കോച്ച് എത്തുന്നു. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്റ്ററിയിൽ അതിൻ്റെ നിർമ്മാണം പുരോഗമിച്ചു വരികയാണെന്ന് മാനേജർ ബി ജി മല്യ അറിയിച്ചു. 2024 മാർച്ചിൽ കോച്ചുകൾ പുറത്തിറക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള വന്ദേഭാരത് എക്സ്പ്രസ് രാത്രിയിൽ സർവീസ് നടത്തുന്നില്ല. അതിനാലാണ് ദീർഘദൂര സർവീസ് നടത്താൻ സ്ലീപ്പർ കോച്ച് ഇറക്കുന്നത്. സ്ലീപ്പർ കോച്ചിലെ യാത്രാച്ചെലവ് താരതമ്യേന കുറവായിരിക്കും. പതിനാറ് കോച്ചുകൾ ഇതിലുണ്ടായിരിക്കും. പതിനൊന്ന് എ സി ത്രീ ടയർ കോച്ചുകൾ, പതിനൊന്ന് എ സി ത്രീ ടയർ കോച്ചുകൾ നാല് എ സി ടു ടയർ, ഫസ്റ്റ് എ സി എന്നിവയായിരിക്കും കോച്ചുകൾ എന്നും മല്യ അറിയിച്ചു.
നിലവിലുള്ള പാസഞ്ചർ മെട്രോകൾക്ക് പകരമായിട്ടാണ് വന്ദേഭാരത് മെട്രോകൾ എത്തുന്നത്. ഹ്രസ്വദൂരയാത്രയ്കാണ് വന്ദേമെട്രോ ഉപകാരപ്പെടുന്നത്.ഇതിൽ പന്ത്രണ്ടു കോച്ചുകൾ ഉണ്ടായിരിക്കും. ഈ ഡിസംബറിലോ അടുത്ത ജനുവരിയിലോ വന്ദേഭാരത് മെട്രോ സർവീസുകൾ ആരംഭിക്കാനാവുമെന്നാണ് കരുതുന്നത്. സമീപനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ ഈ സർവീസ് ഉപകാരപ്പെടും. ഒരു കോച്ചിൽ എകദേശം മുന്നൂറു പേരെ ഉൾക്കൊള്ളും.അങ്ങനെ 3500 പേർക്കെങ്കിലും ഒരു സർവീസിൽ യാത്ര ചെയ്യാൻ സാധിക്കും.
ഒക്ടോബറോടു കൂടി നോൺ എ സി വന്ദേഭാരത് കൂടി സർവീസ് ആരംഭിക്കാൻ പദ്ധതിയുള്ളതായും മല്യ അറിയിച്ചു. കുറഞ്ഞ നിരക്കിൽ ഇതിൽ യാത്ര ചെയ്യാൻ സാധിക്കും.എന്നാൽ ആധുനികസൗകര്യങ്ങളോടു കൂടിയതായിരിക്കും കോച്ചുകൾ. ഇരുപത്തിരണ്ടു കോച്ചുകളും ഒരു ലോക്കോമോട്ടീവും ഇതിൽ ഉണ്ടായിരിക്കും. 2019 ൽ ആരംഭിച്ച വന്ദേഭാരത് സർവ്വീസ് റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റിയിരുന്നു. കൂടുതൽ സൗകര്യങ്ങളോടെ എത്തുന്ന മറ്റു സർവീസുകൾക്കും റെയിൽവേ വികസനത്തിൽ വലിയൊരു പങ്കു വഹിക്കാൻ സാധിക്കും.









