കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ വിമർശനമുന്നയിച്ച സിപിഐഎമ്മിനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ച് സമസ്ത എ.പി വിഭാഗം മുഖപത്രമായ സിറാജ്. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന സിപിഐഎം നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ്, ‘ഇവിടെ ആർക്കാണ് പ്രശ്നം?’ എന്ന തലക്കെട്ടിൽ റഹ്മത്തുല്ലാഹ് സഖാഫി എളമരം എഴുതിയ ലേഖനത്തിലൂടെ പാർട്ടിക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെയും അണികളുടെ അമർഷത്തിന്റെയും അരിശം സമുദായ സംഘടനകൾക്ക് മേൽ തീർക്കാനാണ് പാർട്ടി ശ്രമിക്കുന്നതെങ്കിൽ സിപിഐഎമ്മിന് ബംഗാളിലെ അവസ്ഥയാകും വരാനിരിക്കുന്നതെന്ന് ലേഖനത്തിൽ വ്യക്തമാക്കുന്നു.
സമീപകാലത്തായി തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ന്യൂനപക്ഷ സമുദായങ്ങളുടെ മേൽ ചാർത്തി വിമർശിക്കുന്ന രീതി ചില ഇടത് പ്രൊഫൈലുകളിൽ കാണുന്നുണ്ടെന്നും, വിഷയം എൽഡിഎഫും സമുദായ നേതൃത്വവും കൃത്യമായി വിശദീകരിച്ചിട്ടും അന്ധമായ വിമർശനവുമായി മുന്നോട്ടുപോകുന്നത് പാർട്ടി അണികളുടെ വികാരം മനസ്സിലാക്കാത്തതുകൊണ്ടാണെന്നും സിറാജ് കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി സിപിഐഎം പുലർത്തിപ്പോന്ന നിലപാടിൽ നിന്നും വ്യത്യസ്തമായി ഈ വിഷയത്തിൽ കൈക്കൊണ്ടത് തികച്ചും പ്രകോപനപരമായ സമീപനമാണ്. മുൻ നേതാവ് ടി.കെ. ഹംസയെപ്പോലുള്ളവരുടെ പക്വതയുള്ള പ്രതികരണങ്ങൾ വിസ്മരിക്കുന്നില്ലെങ്കിലും, ബാക്കി ചില നേതാക്കൾ വിഷയം അന്താരാഷ്ട്രവൽക്കരിച്ച് ആറാം നൂറ്റാണ്ടിലേക്കും അഫ്ഗാനിസ്ഥാനിലേക്കും വരെ കൊണ്ടുപോകാൻ ശ്രമിച്ചതായും ലേഖനം പരിഹസിക്കുന്നു.
ഭരണവിരുദ്ധ വികാരം കൊണ്ടല്ല, മറിച്ച് രണ്ടാം എൽഡിഎഫ് മന്ത്രിസഭയിലെ തലമുറമാറ്റത്തിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പ്രവർത്തന രീതിയിലുമുള്ള അമർഷമാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നും ലേഖനത്തിൽ തുറന്നടിക്കുന്നുണ്ട്. മുഖ്യമന്ത്രി മാറാതിരിക്കുകയും മറ്റു പ്രമുഖ നേതാക്കളുടെ ബന്ധുക്കൾക്ക് സീറ്റ് നൽകുകയും ചെയ്തതോടെ കണ്ണൂർ ഉൾപ്പെടെയുള്ള പാർട്ടി കോട്ടകളിൽ പോലും പൊട്ടിത്തെറിയുണ്ടായി. ‘രാജാവും പ്രജയും’ എന്ന മട്ടിലുള്ള ഭരണം ജനാധിപത്യത്തിന് ചേർന്നതല്ലെന്നും, പാർട്ടിയെ രക്ഷിക്കാൻ സ്വന്തം അണികൾ തന്നെ വോട്ടിംഗ് യന്ത്രങ്ങളിലൂടെ ബോധപൂർവ്വം ശിക്ഷ നൽകിയതാണെന്നും സിറാജ് വ്യക്തമാക്കുന്നു. സ്വന്തം അണികളുടെ രോഷം മനസിലാക്കി രോഗത്തിന് ചികിത്സിക്കുന്നതിന് പകരം സമുദായ നേതാക്കൾക്കെതിരെ കുതിരകയറുന്നത് തിരിച്ചടിയാകുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ എ.പി സമസ്ത നൽകുന്നത്.












