പ്രായത്തിൽ കൃത്രിമം കാട്ടിയെന്ന കണ്ടെത്തലിനെ തുടർന്ന് അണ്ടർ-19 ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും രോഹിത് യാദവിനെ ബിസിസിഐ പുറത്താക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന, മൾട്ടി-ഡേ പരമ്പരയ്ക്കുള്ള ടീമിലാണ് ബിസിസിഐ അടിയന്തര മാറ്റം വരുത്തിയിരിക്കുന്നത്. രാജ്കോട്ട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന മത്സരങ്ങൾക്കായി തിരഞ്ഞെടുത്ത താരത്തെ പ്രായവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിവാക്കിയതെന്ന് ബോർഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രോഹിത്തിന് പകരമായി ഏകദിന ടീമിൽ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ആര്യൻ സാവ്സാനിയെയും, മൾട്ടി-ഡേ മത്സരങ്ങൾക്കായി ഹരിയാന ക്രിക്കറ്റ് അസോസിയേഷന്റെ തൻമയ് ബലോഡയെയും പകരക്കാരായി ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രായവുമായി ബന്ധപ്പെട്ട രേഖകളിൽ കൃത്രിമം കാണിച്ചതിന് താരത്തിന് ബിസിസിഐ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വിലക്കിനെക്കുറിച്ച് ബോർഡ് പ്രത്യേകമായി പരാമർശിച്ചിട്ടില്ല.












