ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ ആദ്യം ഭാര്യയോട് ചോദിക്കണമെന്ന് തമാശയായി പറഞ്ഞ് മുൻ ഇന്ത്യൻ പേസറും ഗുജറാത്ത് ടൈറ്റൻസ് പരിശീലകനുമായ ആഷിഷ് നെഹ്റ. കൊൽക്കത്തയിൽ നടന്ന സിഎബി വാർഷിക അവാർഡ് ദാന ചടങ്ങിലാണ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് നെഹ്റ തന്റെ നിലപാട് വ്യക്തമാക്കിയത്.
വർഷത്തിൽ എട്ടോ ഒൻപതോ മാസം യാത്ര ചെയ്യേണ്ടി വരുന്ന അന്താരാഷ്ട്ര കോച്ചിംഗ് ജോലി ഏറെ പ്രയാസകരമാണെന്നും, തനിക്ക് ഡിവോഴ്സ് ലഭിക്കാതിരിക്കാൻ ആദ്യം തന്റെ ഭാര്യ റുഷ്മ നെഹ്റയുടെ അനുവാദം ചോദിക്കേണ്ടി വരുമെന്നുമാണ് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞത്. ഭാവിയിൽ അത്തരമൊരു അവസരം ലഭിക്കുകയാണെങ്കിൽ അതൊരു വലിയ പദവിയായി കാണുമെന്നും, എങ്കിലും താൻ നിലവിലെ കരിയറിൽ തികച്ചും സന്തോഷവാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് വർഷത്തിൽ ഒൻപത് മാസം യാത്ര ചെയ്യുന്നത് ഐപിഎൽ കോച്ചിംഗിനേക്കാൾ വളരെ ബുദ്ധിമുട്ടേറിയ ജോലിയാണെന്നും നെഹ്റ അഭിപ്രായപ്പെട്ടു. താൻ ഒരിക്കലും കോച്ചിംഗിനെ ഒരു ജോലിയായി കണ്ടിട്ടില്ലെന്നും മറിച്ച് അതൊരു അഭിനിവേശമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 മുതൽ ഐപിഎൽ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിന്റെ ഹെഡ് കോച്ചായി സേവനമനുഷ്കരിക്കുന്ന നെഹ്റ, ടീമിനെ ഒരു കിരീടത്തിലേക്കും രണ്ട് തവണ റണ്ണേഴ്സ് അപ്പ് സ്ഥാനത്തേക്കും നയിച്ചിട്ടുണ്ട്. നിലവിൽ ഗൗതം ഗംഭീറാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി പ്രവർത്തിക്കുന്നത്.












