ന്യൂഡൽഹി : മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ സുപ്രീം കോടതിയിൽ ഹർജി. സ്പീക്കർക്കെതിരെ കേരള പോലീസ് നടപടിയെടുത്തില്ലെന്ന് കാണിച്ചാണ് സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിരിക്കുന്നത്. പികെഡി നമ്പ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കുന്നത്തുനാട് ജിഎച്ച്എസ്എസിൽ നടന്ന വിദ്യജ്യോതി പരിപാടിയിൽ സ്പീക്കർ നടത്തിയ പരാമർശമാണ് വിവാദമായത്. ഗണപതിയും മറ്റ് ഹൈന്ദവ വിശ്വാസങ്ങളുമെല്ലാം മിത്താണെന്നും ഇത് പുരോഗമനത്തെ പിന്നോട്ട് നയിക്കുമെന്നുമാണ് ഷംസീർ ആരോപിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
ഇതിനെതിരെ എൻഎസ്എസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തിയെങ്കിലും ഷംസീർ പരാമർശം പിൻവലിക്കാൻ തയ്യാറായില്ല. വിവാദത്തിൽ പോലീസ് നടപടിയെടുക്കാതെ വന്നതോടെയാണ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയിൽ തമിഴ്‌നാട് പോലീസിനെതിരെയും നടപടി ആവശ്യപ്പെടുന്നുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹർജിയിൽ പറയുന്നു. സനാതന ധർമ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിർക്കപ്പെടേണ്ടതല്ല, പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യേണ്ടതാണ് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി വാദിച്ചിരുന്നു.
Discussion about this post