തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഇരകളായവർക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി നടനും മുൻ ബിജെപി എംപിയുമായ സുരേഷ് ഗോപി. ഇതുമായി ബന്ധപ്പെട്ട് പദയാത്ര സംഘടിപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിലാണ് അദ്ദേഹം പദയാത്ര സംഘടിപ്പിക്കുന്നത്.
പണം നഷ്ടമായവരെയും, തട്ടിപ്പിന് ഇരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തിയാണ് പദയാത്ര. കരുവന്നൂർ സഹകരണ ബാങ്കിന് മുൻപിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും തൃശ്ശൂർവരെയാണ് പദയാത്ര. സമാപന സമ്മേളനത്തിൽ ബിജെപി നേതാവ് എം.ടി രമേശ് പ്രസംഗിക്കും. ബിജെപി തൃശ്ശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
കരുവന്നൂർ തട്ടിപ്പിലെ ഇരകൾക്ക് വേണ്ടിയല്ല, വേട്ടക്കാർക്ക് വേണ്ടിയാണ് സി പി എം നിലകൊള്ളുന്നതെന്ന് അനീഷ് കുമാർ പറഞ്ഞു. ഇ ഡി അന്വേഷണം തടസപ്പെടുത്താനാണ് സിപിഎം ശ്രമം. ഇത് തട്ടിപ്പുകാരെ സംരക്ഷിക്കാനാണ്. പണം നഷ്ടമായവരോട് എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെങ്കിൽ കുറ്റക്കാരായ നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കണം. ജനപ്രതിനിധികളായി തുടരാൻ ഇവർ അർഹരല്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 21 മുതൽ 30 വരെ ജില്ലയിലെ എല്ലാ പഞ്ചായത്ത് – നഗരസഭ കേന്ദ്രങ്ങളിലും സഹകരണ ബാങ്ക് കൊള്ളക്കെതിരെ ധർണ നടത്തും. സംശയനിഴലിലായ ബാങ്കുകൾക്ക് മുന്നിൽ ബിജെപി അദാലത്ത് സംഘടിപ്പിക്കും. അന്വേഷണം ആവശ്യമായ പരാതികൾ അമിത് ഷാക്ക് കൈമാറുമെന്നും അനീഷ് കുമാർ കൂട്ടിച്ചേർത്തു.
Discussion about this post