കോട്ടയം : ആറു മണിക്കൂറിലേറെയായി കോട്ടയത്ത് അതിശക്തമായ മഴ തുടരുകയാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലകളിലാണ് മഴ ശക്തമായിട്ടുള്ളത്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. വാഗമണ്ണിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
അതിശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. റോഡുകളിൽ കല്ലും മണ്ണും ചെളിയും അടിഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് പല പ്രദേശങ്ങളും ഇപ്പോൾ ഉള്ളത്. തലനാട് വെള്ളാനിയിലാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്.
ശക്തമായ മഴ നീണ്ടുനിൽക്കുന്നതിനെ തുടർന്ന് വെള്ളം കുത്തിയൊലിച്ച് എത്തിയത് വഴി നിരവധി മേഖലകളിൽ കൃഷി നാശം ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായ വെള്ളാനി മേഖല തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ഇപ്പോഴുള്ളത്. ഉടൻ തന്നെ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും എന്നാണ് അധികൃതർ അറിയിക്കുന്നത്.
Discussion about this post