തിരുവനന്തപുരം; കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തുന്ന ശ്രമമാണ് ഇഡി അന്വേഷണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കരുവന്നൂരിൽ കേരള സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തി. തട്ടിപ്പിന് പിന്നിൽ പാർട്ടി നേതൃത്വമാണ് എന്ന് പ്രഖ്യാപിച്ചാണ് ഇഡി അന്വേഷണവുമായി രംഗത്ത് വന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻമന്ത്രിയുമായ എസി മൊയ്തീന്റെ വീട് റെയ്ഡ് ചെയ്യുന്നതും ചോദ്യം ചെയ്യുന്നതുമായ സ്ഥിതിയിലെത്തി. ഒരു കാര്യവും മുന്നോട്ടുവെയ്്ക്കാനില്ല. അതുകൊണ്ടാണ് തെളിവുണ്ടാക്കാൻ ചില ആളുകളെ ചോദ്യം ചെയ്യാൻ പുറപ്പെട്ടതെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു. ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പിആർ അരവിന്ദാക്ഷന്റെ പരാതിയെക്കുറിച്ചായിരുന്നു എംവി ഗോവിന്ദന്റെ വാക്കുകൾ.
എസി മൊയ്തീൻ ചാക്കിൽകെട്ടി പണവുമായി പോകുന്നത് കണ്ടുവെന്ന് പറയണമെന്നും ഇല്ലെങ്കിൽ ആ മുറിയിൽ നിന്ന് പുറംലോകം കാണില്ലെന്നും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് അരവിന്ദാക്ഷൻ പറയുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ആളുകളെ അക്രമിക്കുകയും കുതിര കയറുകയുമാണ്. ഉത്തരേന്ത്യയിൽ നിന്ന് വന്ന ഉദ്യോഗസ്ഥൻമാർ ചേർന്ന് നടത്തുന്ന കൂട്ടായ ശ്രമമായിട്ടാണ് കാണുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.
മർദ്ദനം ഉൾപ്പെടെയുളള മുഴുവൻ കാര്യങ്ങളും ചെയ്യാൻ അവകാശമുണ്ടെന്ന പ്രചാരണമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇടതുപക്ഷ പ്രസ്ഥാനത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരായ ശക്തിയായ കടന്നാക്രമണമാണിത്. ഇതിനെ ശക്തിയായി എതിർത്ത് മുന്നോട്ടുപോകണം. സഹകാരികൾ ശക്തിയായ എതിർപ്പ് രൂപപ്പെടുത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post