മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ ലീഗ് നേതാവ് കെ എം ഷാജിയ്‌ക്കെതിരെ കേസ്. ഷാജി നടത്തിയത് സ്ത്രീവിരുദ്ധ പരാമർശമാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനാണ് കേസ് എടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി സതീദേവി റിപ്പോർട്ട് തേടിയിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ആണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
മന്ത്രി വീണാ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് സതീദേവി പ്രതികരിച്ചു. കർമ രംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്ന സ്ത്രീയാണ് വീണാ ജോർജ്. അവരെയാണ് വൃത്തികെട്ട പദപ്രയോഗങ്ങൾ നടത്തി കെ എം ഷാജി അപമാനിച്ചിരിക്കുന്നത്. ഇത് രാഷ്ട്രീയ അശ്ലീലമാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം. സാധനം എന്നാണ് മന്ത്രിയെ ഉപമിക്കാൻ ഷാജി ഉപയോഗിച്ച വാക്ക്. സ്ത്രീകളോടുള്ള ഷാജിയുടെ മനോഭാവം എന്താണെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും സതീദേവി ചൂണ്ടിക്കാട്ടി.
പണ്ട് സ്മാർത്തവിചാരം എന്ന വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു ‘സാധനം’ എന്നത്. എത് ഷാജിയെ പോലുളളവർ ആവർത്തിക്കുന്നത് മനസിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ്. ഷാജിയെ പോലെയുള്ളവരെ ഒറ്റപ്പെടുത്താൻ കേരള സമൂഹം തയ്യാറാകണമെന്നും സതീ ദേവി കൂട്ടിച്ചേർത്തു.
Discussion about this post