19 ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ലോകറെക്കോർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം സ്വന്തമാക്കിയത്. രുദ്രാൻകഷ് പാട്ടീൽ,ഐശ്വരി പ്രതാപ് സിംഗ് തോമർ,ദിവ്യാൻഷ് സിംഗ് പൻവാർ എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്.
തെക്കൻ കൊറിയയേയും ചൈനയേയും പിന്തള്ളിയാണ് ഈ നേട്ടം. 1893. 7 പോയിന്റാണ് ഇന്ത്യ നേടിയത്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. 10 മീറ്റർ എയർ റൈഫിൾ ടീം വെള്ളി നേടിയതിന് പുറമെ വ്യക്തിഗത ഇനത്തിൽരമിത ജിൻഡാൻ വെങ്കലവും നേടിയിരുന്നു.
തുഴച്ചിലിലും ഇന്ത്യ മെഡൽ കൊയ്തു. നാലുപേരടങ്ങിയ പുരുഷന്മാരുടെ ടീമാണ് വെങ്കലമെഡൽ നേടിയത്. ജസ്വീന്ദർ ഭീം, പുനിത്,ആശിഷ് എന്നിവരാണ് ഇന്ത്യയ്ക്കായി മെഡൽ ഉറപ്പിച്ചത്. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം ഏഴായി.ഒരു സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. നിലവിൽ ആറാം സ്ഥാനത്താണ് ഇന്ത്യ.








